കോട്ടയം ജനറല്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തില്‍ പക്ഷാഘാത ചികിത്സ ആരംഭിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി നാലര മണിക്കൂറിനുളളില്‍ എത്തിക്കുന്ന രോഗികള്‍ക്ക് സി.റ്റി സ്‌കാന്‍ ചെയ്ത് രക്തസ്രാവം ഇല്ല എന്നുറപ്പാക്കിയതിനു ശേഷം ആള്‍ട്ടിപ്‌ളേസ് എന്ന വിലയേറിയ മരുന്ന് നല്‍കിയാണ് ചികിത്സിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യമാണ് ഈ മരുന്ന് നല്‍കുന്നത്. തീവ്ര പരിചരണ വിഭാഗത്തിന്റെ അഭാവം ഉള്‍പ്പെടെയുളള പരിമിതികള്‍ക്കിടയിലും 73 വയസ്സുളള ഒരു രോഗിയെ ഈ മരുന്ന് നല്‍കി രക്ഷപ്പെടുത്തി. ന്യൂറോളജിസ്റ്റ് ഡോ. രാജി കൃഷ്ണനാണ് പക്ഷാഘാത ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. പൊതുജനങ്ങള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് സൂപ്രണ്ട് ഡോ. ബിന്ദു കുമാരി അറിയിച്ചു.
