ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ അയൽക്കൂട്ടങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ. സംസ്ഥാന എക്സൈസ് വകുപ്പ് നടത്തുന്ന എലത്തൂർ നിയോജകമണ്ഡലം 90 ദിന തീവ്രയജ്ഞ ലഹരിവിരുദ്ധ ബോധവൽക്കരണ സമാപന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ലഹരി ഇന്ന് വിവിധ രൂപത്തിലാണ് ഉപയോഗിക്കുന്നത്. രാത്രി കാലങ്ങളിൽ വാഹനമോടിക്കുന്ന ട്രക്ക് ഡ്രൈവർമാർ ഉൾപ്പടെയുള്ള ചിലർ ഉറക്കം വരാതിരിക്കാൻ ഗുളിക പോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് കണ്ടുപിടിക്കാൻ സഹായിക്കുന്ന പുതിയ ഉപകരണം വാങ്ങിക്കാനുള്ള നടപടി കേരള പോലീസ് ആരംഭിച്ചിട്ടുണ്ട്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ബ്രീത്ത് അനലൈസറിന് പുറമെ ഇത്തരം ഉപകരണങ്ങൾ കൂടെ നൽകാൻ സാധിക്കുമോ എന്ന കാര്യം സർക്കാർ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
നന്മണ്ട പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടിയിൽ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുണ്ടൂർ ബിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സൈസ് വകുപ്പിന്റെയും ലഹരി വിമുക്തി ലഹരി വർജ്ജന മിഷന്റെയും അഭിമുഖ്യത്തിൽ നാളത്തെ കേരളം ലഹരിമുക്ത കേരളം എന്ന സർക്കാർ പദ്ധതിയുടെ സാക്ഷാത്കാരത്തിനായാണ് തീവ്രയജ്ഞ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്.
പരിപാടിയോടനുബന്ധിച്ച് മാന്ത്രികൻ രാജീവ് മേമുണ്ടയുടെ ലഹരിവിരുദ്ധ ബോധവൽകരണ മാജിക് ഷോയും അരങ്ങേറി.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന വിശിഷ്ടാതിഥി ആയിരുന്നു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രകാശൻ മാസ്റ്റർ, നന്മണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ആറാങ്കോട്ട്, സ്ഥിരം സമിതി അംഗങ്ങളായ എം.ഗംഗാധരൻ, പി.മനോഹരൻ, കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ
എം.സുഗുണൻ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.