നവീകരിച്ച പൈമ്പാലശേരി-മടവൂര്‍മുക്ക് റോഡ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. സമൂഹത്തിലെ വിഭാഗീയതകള്‍ മറികടന്ന് കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിന് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നചിന്താഗതിക്കാരെ ഒരു മാലയിലെന്നവണ്ണം കോര്‍ത്തിണക്കാന്‍ കഴിയുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നാടിന്റെ വിലമതിക്കാനാകാത്ത നേട്ടമാണ്. അടിസ്ഥാന സൗകര്യ വികസനമുണ്ടാകുമ്പോള്‍ മറ്റ് വികസനങ്ങള്‍ അതിന്റെ കൂടെ വന്നുകൊള്ളും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് റോഡിലെ ഇരുഭാഗങ്ങളിലും വിവിധ സ്ഥാപനങ്ങള്‍ വന്നതിലൂടെയുണ്ടായ മാറ്റം. ഇത് നിരവധിപേര്‍ക്ക് തൊഴിൽ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ഭരണ-പ്രതിപക്ഷ ഭേദമില്ലാതെയാണ് ഓരോ മണ്ഡലങ്ങളിലും വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. റോഡ് വികസനത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ മാത്രം കൊടുവള്ളി മണ്ഡലത്തില്‍ 173 കോടിയുടെ പ്രവൃത്തികളാണ് നടക്കുന്നത്. എംഎല്‍എ ഫണ്ട്, ആസ്തി വികസനഫണ്ട് എന്നിവയിലൂടെയുള്ള പ്രവൃത്തികള്‍ വേറെയും നടക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ നാലു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍കാഴ്ചയിലൊരേടാണ് പൈമ്പാലുശേരി-മടവൂര്‍മുക്ക് റോഡെന്നും മന്ത്രി പറഞ്ഞു.

പടനിലം-നരിക്കുനി റോഡിനെയും സംസ്ഥാനപാത 68 ആയ കാപ്പാട്-തുഷാരഗിരി-അടിവാരം റോഡിനെയും ബന്ധിപ്പിക്കുന്ന 1.33 കി.മീ ദൂരമുള്ള പൈമ്പാ ലുശേരി-മടവൂര്‍മുക്ക് റോഡ് രണ്ടു കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. നിലവിലെ റോഡിന്റെ താഴ്ന്ന ഭാഗങ്ങള്‍ ഉയര്‍ത്തി, വളവുകള്‍ നിവര്‍ത്തി, വീതികൂട്ടി ആധുനിക രീതിയില്‍ ബിഎം ആന്റ് ബിസി ഉപരിതലത്തോടെ പുനര്‍നിര്‍മ്മിച്ചു. കലുങ്കുകള്‍, സംരക്ഷണഭിത്തികള്‍, റോഡ് സുരക്ഷാ സംവിധാനം സ്ഥാപിക്കല്‍, സര്‍വീസ് ലൈന്‍ മാറ്റി സ്ഥാപിക്കല്‍ എന്നി പ്രവൃത്തികളും നടത്തി.

കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് അസി. എഞ്ചിനിയര്‍ പി ജില്‍ജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മടവൂര്‍ ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് പി വി പങ്കജാക്ഷന്‍, പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ വി സി മുഹമ്മദ് റിയാസ്ഖാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി അലിയ്യി മാസ്റ്റര്‍, പഞ്ചായത്ത് അംഗങ്ങളായ സാബിറ മൊടയാനി, വി സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, എ പി നസ്തര്‍, പി കോരപ്പന്‍ മാസ്റ്റര്‍, പി കെ സുലൈമാന്‍ മാസ്റ്റര്‍, ചോലക്കര വിജയന്‍ എന്നിവര്‍ പങ്കെടുത്തു. പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ കെ വിനയരാജ് സ്വാഗതവും അസി. എഞ്ചിനിയര്‍ കെ ജി രഗിന നന്ദിയും പറഞ്ഞു.