പാലക്കാട്: ജില്ലയില്‍ ഒ.പി കുറവായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സമയക്രമത്തില്‍ മാറ്റം വരുത്തി രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സമയം ക്രമീകരിക്കണമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസറോട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ജില്ലയുടെ വികസനത്തിനായി സംസ്ഥാന ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പ്രൊജക്ടുകളുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

നെന്മാറ നിയോജകമണ്ഡലത്തില്‍ ശുചിമുറി ഇല്ലാത്ത കുടുംബത്തിന് ശുചിത്വമിഷന്‍ വഴി ശുചിമുറി അനുവദിച്ചിട്ടും പഞ്ചായത്തില്‍ നിന്നും അനുമതിയുമായി ബന്ധപ്പെട്ട് ഉടന്‍ നടപടി എടുക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടാത്തതിനാലാണ് നടപടി വൈകുന്നതെന്നും ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ജില്ലയില്‍ ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇനി ഞാനൊഴുകട്ടെ ക്യാംപെയിനിലൂടെ 219 കിലോമീറ്റര്‍ തോട് ശുചീകരിച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 2020-21 വര്‍ഷത്തില്‍ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ മൂന്നു ദിവസം തിരഞ്ഞെടുത്ത് ഓരോ ദിവസവും മൂന്നു കിലോമീറ്റര്‍ ദൂരം വൃത്തിയാക്കുമെങ്കില്‍ ജില്ലയിലെ 744 നീര്‍ത്തടങ്ങളിലൂടെ 6696 കിലോമീറ്റര്‍ തോട് ശുചിയാക്കാന്‍ കഴിയുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍ പറഞ്ഞു. തോടുകള്‍ മലിനപ്പെടുന്നതിനുള്ള ശാശ്വതമായ പരിഹാരം കാണണമെന്നും ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം 40 ശതമാനത്തില്‍ നിന്നും 80 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചാല്‍ മേല്‍നിര്‍ദ്ദേശം ഫലപ്രദമാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

മുതലമട മാംഗോഹബുമായി ബന്ധപ്പെട്ട കര്‍ഷകര്‍ വിളകള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും എടുക്കണമെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മാവുകള്‍ക്കുള്ള വിവിധ രോഗങ്ങള്‍ മൂലം ഉല്‍പ്പാദനം കുറയാനിടയായാല്‍ ഇന്‍ഷുറന്‍സ് എടുത്ത കര്‍ഷകര്‍ക്കു മാത്രമാണ് ആനുകൂല്യം ലഭ്യമാവുക. മീങ്കര, ചുള്ളിയാര്‍ ഡാമുകളിലെ മണ്ണെടുത്ത് ഡാമുകളുടെ ക്ഷമത വര്‍ദ്ധിപ്പിക്കണമെന്നും ജില്ലയിലെ കുളങ്ങള്‍ ആഴം കൂട്ടാനുള്ള നടപടി സ്വീകരിക്കണമെന്നും രമ്യ ഹരിദാസ് എം.പി യുടെ പ്രതിനിധി മാധവന്‍ ആവശ്യപ്പെട്ടു. ഇതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജലസേചന വകുപ്പധികൃതര്‍ അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ കെ.ബാബു എം.എല്‍.എ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.