കൊല്ലം: പ്രകൃതി ദുരന്തങ്ങളടക്കമുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും ആഘാതം ലഘൂകരിക്കുന്നതിനും 32 ഇന പദ്ധതിയുമായി കൊല്ലം കോര്‍പ്പറേഷന്‍ സി കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ നടന്ന ‘നമ്മള്‍ നമുക്കായി’ പ്രത്യേക വികസന സെമിനാറില്‍ ദുരന്ത നിവാരണ പദ്ധതി അവതരിപ്പിച്ചു.
അടിയന്തരഘട്ട സേനാംഗങ്ങളുടെ രൂപീകരണം, ബഹുജന കാമ്പയിന്റെ സംഘാടനം, സന്ദേശ വിനിമയ മാര്‍ഗങ്ങള്‍, ഹരിത നിര്‍മിതികള്‍, ജലനിര്‍ഗമന മാര്‍ഗങ്ങള്‍, ദുരിതാശ്വാസ ഷെല്‍ട്ടറുകളുടെ സ്ഥാപനം, ആരോഗ്യ കേന്ദ്രങ്ങളിലെ തയ്യാറെടുപ്പുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
കോര്‍പ്പറേഷന്‍ ഡിവിഷനുകളിലെ തിരഞ്ഞെടുക്കപ്പെടുന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകള്‍ക്ക് പ്രഥമശുശ്രൂഷ, ദുരന്ത ബാധിതരെ മാറ്റി താമസിപ്പിക്കല്‍ എന്നിവയില്‍ പരിശീലനം നല്‍കും. അപകട മുന്നറിയിപ്പ് നല്‍കല്‍, പ്രാദേശിക ഭൂപ്രകൃതിയെ സംബന്ധിച്ച ധാരണ ഉണ്ടാക്കല്‍ എന്നിവയെല്ലാം പരിശീലനത്തിലുണ്ടാകും. സാങ്കേതിക ജോലികള്‍ പരിചയിച്ചിട്ടുള്ള മേസ്തിരിമാര്‍, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, ഡ്രൈവര്‍മാര്‍, ക്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങവരെയും സംഘത്തിന്റെ ഭാഗമാക്കും.
കോര്‍പ്പറേഷനെ ഹരിത നഗരമാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനമെന്ന നിലയില്‍ വീടുകള്‍, സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ 50000 ബഡ് ചെയ്ത ചെടികള്‍ നട്ടുപിടിപ്പിക്കും. കാര്‍ഷിക സാക്ഷരതാ നഗരം, തരിശുരഹിത നഗരം എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവൃത്തികളും സജീവമാക്കും. മഴക്കൊയ്ത്ത്, ഉറവിട മാലിന്യ സംസ്‌കരണം, പാരമ്പര്യേതര ഊര്‍ജ്ജ ഉപയോഗം എന്നിവ പാലിക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നികുതിയിളവ് പദ്ധതി വിഭാവനം ചെയ്യുന്നു.
ദുരന്ത നിവാരണം വാര്‍ഷിക പദ്ധതികളുടെ ഭാഗമാക്കണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ മനസിലാക്കിയുള്ള സമീപനം തദ്ദേശ സ്ഥാപന പദ്ധതി രൂപീകരണങ്ങളില്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
മേയര്‍ ഹണി ബഞ്ചമിന്‍ അധ്യക്ഷയായി. ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി, മുന്‍ മേയര്‍ അഡ്വ. വി രാജേന്ദ്രബാബു, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം എ സത്താര്‍, പി ജെ രാജേന്ദ്രന്‍, ഗിരിജാ സുന്ദരന്‍, ചിന്ത എല്‍ സജിത്ത്, വി എസ് പ്രയദര്‍ശനന്‍, ഷീബാ ആന്റണി, ടി ആര്‍ സന്തോഷ്‌കുമാര്‍, ജില്ലാ ആസൂത്രണ സമിതി അംഗം എം വിശ്വനാഥന്‍, കൗണ്‍സിലര്‍ വിജയ ഫ്രാന്‍സിസ്, കോര്‍പ്പറേഷന്‍ സെക്രട്ടറി എ എസ് അനൂജ, അഡീഷണല്‍ സെക്രട്ടറി എ എസ് നൈസാം തുടങ്ങിയവര്‍ പങ്കെടുത്തു.