പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ നൽകുന്നത് മികച്ച പിന്തുണ: മന്ത്രി എ.കെ.ബാലൻ

പിന്നാക്ക വിഭാഗങ്ങൾക്ക് എക്കാലത്തെയും മികച്ച പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലൻ. അവരുടെ ഉന്നമനത്തിനു പ്രത്യേകം പദ്ധതികൾ സർക്കാർ വിഭാവനം ചെയ്തിട്ടുണ്ട്. അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ വേങ്കവിള-കുട്ടത്തിവിള-നക്കോട്ടുകോണം കോളനികളുടെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക വിഭാഗം നിരവധി വെല്ലുവിളിയാണ് നേരിടുന്നത്.  സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. പാറശ്ശാല എം.എൽ.എ സി.കെ.ഹരീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം ജില്ല പട്ടികജാതി വികസന ഓഫീസർ എസ്. രാജേഷ് സ്വാഗതം ആശംസിച്ചു. ജില്ലാ നിർമ്മിതി കേന്ദ്രം പ്രൊജക്റ്റ് മാനേജർ എ.വി.സിജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

പാറശ്ശാല നിയോജക മണ്ഡലത്തിൽ പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ  നാല് കോളനികളുടെ പുനരുദ്ധാരണത്തിനായാണ് ഫണ്ട് അനുവദിച്ചത്. അതിൽ വേങ്കവിള-കുട്ടത്തിവിള -നാക്കോട്ടുകോണം കോളനികളിൽ 898 മീറ്റർ നീളത്തിൽ റോഡ്, കുടിവെള്ള സംഭരണി, ഒൻപത് വീടുകൾക്ക് മെയിന്റനൻസ്  എന്നിവയാണ് പ്രധാനമായും ചെയ്ത പ്രവർത്തികൾ. കൂടാതെ പ്ലേ ഗ്രൗണ്ട് നവീകരണം, ഹൈ മാസ്റ്റ് ലൈറ്റ്, സൈഡ് വാൾ, റീറ്റെയ്നിങ് വാൾ എന്നിവയും പൂർത്തീകരിച്ചു.

പഞ്ചായത്ത് ഭരണകൂടം പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പുതല ഉദ്യോഗസ്ഥർ ,ജില്ലാ നിർമിതി കേന്ദ്രം ഉദ്യോഗസ്ഥർ,  കോളനിവാസികൾ എന്നിവരുടെ സഹകരണവും ഒത്തൊരുമയും അർപ്പണമനോഭാവവും സമയബന്ധിതമായി ഈ പദ്ധതി പൂർത്തീകരിക്കുവാൻ സഹായകരമായി. ചടങ്ങിൽ വാത്സല്യനിധി സാക്ഷ്യപത്ര വിതരണവും മന്ത്രി നിർവ്വഹിച്ചു. സാമൂഹിക-സാംസ്‌കാരിക മണ്ഡലത്തിലെ പ്രമുഖർ പങ്കെടുത്ത യോഗത്തിൽ പെരുങ്കടവിള ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ആർ. സത്യൻ കൃതജ്ഞത രേഖപ്പെടുത്തി.