കശുവണ്ടി മൂല്യവര്‍ധിത ഉത്പന്ന വൈവിധ്യവത്കരണത്തിന് പിന്നാലെ കശുവണ്ടി വികസന കോര്‍പറേഷന്‍ കശുമാങ്ങയില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇനി വിപണയിലെത്തിക്കും. കാഷ്യു സോഡ, കാഷ്യു ജാം, കാഷ്യു സൂപ്പ് എന്നിവയ്ക്കായി പദ്ധതി തയ്യാറാക്കി കഴിഞ്ഞു. കുട്ടികളെ ലക്ഷ്യമിട്ട് ചില്‍ഡ്രന്‍സ് കാഷ്യുവിറ്റ എന്ന ഉത്പന്നവും അനുബന്ധമായി നിര്‍മിക്കും.
നിലവില്‍ കശുവണ്ടിയില്‍ നിന്നള്ള സൂപ്പ്, വിറ്റ, പൗഡര്‍, ബിറ്റ്‌സ് ഇനങ്ങളായ ചോക്കോ-മില്‍ക്കി എന്നിവയാണ് വിപണിയിലുള്ളത്. ഇവയുടെ വില്‍പനമൂല്യം കണക്കിലെടുത്താണ് കശുമാങ്ങയില്‍നിന്ന് കൂടി പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ പദ്ധതികള്‍ രൂപീകരിച്ചത്.
ഉത്പന്ന വൈവിധ്യവത്കരണത്തിനു പുറമെ ഉദ്പാദന സ്വയംപര്യാപ്തതയും കശുവണ്ടി കോര്‍പറേഷന്‍ ലക്ഷ്യമാക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ എസ്. ജയമോഹന്‍ പറഞ്ഞു. ഹോട്ടല്‍ സീ പാലസില്‍ നടന്ന കസ്റ്റമര്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പറേഷന്റെ ഫാക്ടറികളുടെ നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. പരാതിരഹിത തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണസമിതിയംഗം പി. ആര്‍. വസന്തന്‍ അധ്യക്ഷനായി. കമേഴ്‌സ്യല്‍ മാനേജര്‍ വി. ഷാജി, വാല്യു അഡിഷന്‍ യൂണിറ്റ് മാനേജര്‍ സന്ധ്യ ജി. നായര്‍, പേഴ്‌സണല്‍ മാനേജര്‍ എസ്. അജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.