* രോഗലക്ഷണങ്ങൾ ഉള്ളവർ പൊങ്കാലയ്ക്ക് എത്തരുത്
* രോഗബാധിത രാജ്യങ്ങളിൽനിന്നെത്തുന്നവർ വീട്ടിൽത്തന്നെ പൊങ്കാലടിയണം

നാളെ (മാർച്ച് 09) നടക്കാനിരിക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ നിർത്തി വയ്‌ക്കേണ്ടതില്ലെന്നാണു തീരുമാനമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. രോഗലക്ഷണങ്ങളുള്ളവർ ആരും പൊങ്കാല ഇടാൻ വരരുത്. രോഗ ബാധിത രാജ്യങ്ങളിൽ നിന്നു വന്നവർ വീട്ടിൽത്തന്നെ പൊങ്കാലയിടാൻ നിർദേശം നൽകിയിട്ടുണ്ട്. പൊങ്കാലയിടാനെത്തുന്നവരുടെ വീഡിയോ ക്ലിപ്പിംഗ് എടുക്കും. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ സമ്പർക്കത്തിലുള്ള ആളുകളെ കണ്ടെത്താൻ ഇത് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പൊങ്കാല ഒഴിവാക്കില്ലെന്നു തിരുവനന്തപുരം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണനും പറഞ്ഞു. 23 ഹെൽത്ത് ടീമിനെ പൊങ്കാലയ്ക്കായി സജ്ജമാക്കിയിട്ടുണ്ട്. 12 ആംബുലൻസുകളും അഞ്ചു ബൈക്ക് ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ അടക്കമുള്ള ടീമുകൾ അതത് സ്ഥലങ്ങളിൽ പനിയോ ജലദോഷമോ ഉള്ളവരേയും രോഗബാധിത പ്രദേശങ്ങളിൽ നിന്നും മടങ്ങിയെത്തിയവരേയും കണ്ടെത്തും. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ അവബോധം നടത്തുമെന്നും കളക്ടർ വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, കെ.എം.എസ്.സി.എൽ. എം.ഡി. ഡോ. നവജ്യോത് ഖോസ, ജില്ലാ കളക്ടർ ഗോപാലകൃഷ്ണൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, അഡീ. ഡയറക്ടർ ഡോ. വി. മീനാക്ഷി, കോവിഡ് 19 സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റിൽ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ, കെസാക്‌സ് പ്രോജക്ട് ഡയറക്ടർ ഡോ. ആർ. രമേഷ്, എസ്.എച്ച്.എസ്.ആർ.സി. എക്‌സി. ഡയറക്ടർ ഡോ. കെ.എസ്. ഷിനു, ജില്ല മെഡിക്കൽ ഓഫീസർ ഡോ. പി.പി. പ്രീത, സംസ്ഥാന പകർച്ചവ്യാധി പ്രതിരോധ സെൽ ഡയറക്ടർ ഡോ. പി.എസ്. ഇന്ദു എന്നിവർ യോഗത്തിൽ പങ്കെടുത്തു.