* രോഗബാധിത രാജ്യങ്ങളിൽനിന്നെത്തുന്നവർ പരിശോധനയ്ക്കു വിധേയരാകണം

സംസ്ഥാനത്തു ചികിത്സയിലുള്ള അഞ്ചു പേർക്കു കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കേരളത്തിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് പുതുക്കിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ഇവ കർശനമായി പാലിക്കാൻ നിർദേശം നൽകി. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു.
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കോവിഡ് 19. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കോവിഡ് 19 ന്റെ പ്രധാന ലക്ഷണങ്ങൾ.

വയറിളക്കവുമുണ്ടാകാം. തീവ്രമാകുകയാണെങ്കിൽ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈറസായതിനാൽ പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ നിലവിലില്ല. പകരം അനുബന്ധ ചികിത്സയാണ് നൽകുന്നത്. ഇതിനുള്ള ചികിത്സാ മാർഗരേഖയാണു പുറത്തിറക്കിയത്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പ്രത്യേകം പാർപ്പിച്ച് ചികിത്സ നൽകുകയാണ് പ്രധാനം. ചികിത്സിക്കുന്നവർ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.

നിരീക്ഷണം ശക്തം
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ എയർപോർട്ടുകൾ, സീ പോർട്ടുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കി. എയർപോർട്ട്, സീ പോർട്ട് ഹെൽത്ത് ഓഫിസർമാരെയാണു സ്‌ക്രീനിങ്ങിനു നിയോഗിച്ചിരിക്കുന്നത്. യാത്രക്കാരിൽ രോഗലക്ഷണം കണ്ടാൽ അവരെ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയ നിശ്ചിത ആശുപത്രിയിലേക്ക് അയക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ ബോധവത്ക്കരണം നൽകി വീടുകളിൽ നിരീക്ഷിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർ കൃത്യമായും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ വീടുകളിൽത്തന്നെ 28 ദിവസം കഴിയേണ്ടതാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ‘ദിശ’ 1056 നമ്പരിൽ വിളിച്ച് ഐസൊലേഷൻ സൗകര്യമേർപ്പെടുത്തിയിട്ടുള്ള ആശുപത്രിയിൽ അറിയിച്ച് പ്രത്യേകം വാഹനത്തിലാണ് എത്തേണ്ടത്.

ചൈന, ഹോങ്കോംഗ്, തായ്‌ലൻഡ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള ഫ്‌ലൈറ്റുകളിലെ യാത്രക്കാരെ പരിശോധനയ്്ക്കു വിധേയരാക്കും. റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽനിന്നു വരുന്നവരോ 2020 ഫെബ്രുവരി 10 മുതൽ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോൾ 28 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയും പൊതു സ്ഥലങ്ങൾ സന്ദർശിക്കുന്നത് കർശനമായും ഒഴിവാക്കുകയും വേണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

കോവിഡ് 19 രോഗ ബാധിത രാജ്യങ്ങളിൽ നിന്നും വന്നവർ ജില്ല മെഡിക്കൽ ഓഫീസർമാരുമായോ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രവുമായോ നിർബന്ധമായും ഫോൺ മുഖേന ബന്ധപ്പെടേണ്ടതാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ ഒ.പി.യിലോ ക്യാഷ്വാലിറ്റിയിലോ പോകരുത്. അവർ ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള വാർഡിലേക്ക് ബന്ധപ്പെട്ട നോഡൽ ഓഫീസറെ അറിയിച്ച ശേഷം മാത്രം എത്തേണ്ടതാണ്. ഇത്തരം യാത്രികരുടെ വിവരങ്ങൾ അറിയുന്നവരും ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ 1056, 0471 2552056 എന്നീ നമ്പരുമായി ബന്ധപ്പെടേണ്ടതാണ്.

ആശുപത്രികൾക്കും ജാഗ്രത നിർദേശം
മെഡിക്കൽ കോളേജുകളിലും പ്രധാന ജനറൽ, ജില്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. അവയെല്ലാം ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മാസ്‌ക്, കൈയുറ, സുരക്ഷാ കവചങ്ങൾ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ ലഭ്യമാക്കാൻ കെ.എം.എസ്.സി.എൽ.നെ ചുമതലപ്പെടുത്തി. രോഗലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിളുകൾ വൈറോളജി ലാബിലേക്ക് അയക്കാനും നിർദേശം നൽകിയിട്ടുണ്ട്.