സർക്കാർ ഉത്തരവ് ലംഘിച്ച് പ്രവർത്തനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്.സു ഹാസ്. ചില പരീക്ഷാ കോച്ചിംഗ് സെൻ്ററുകൾ പ്രവർത്തിക്കുന്നതായി കളക്‌ട്രേറ്റ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്കും കോവിഡ്- 19 സംബന്ധിച്ച സർക്കാർ ഉത്തരവുകൾ ബാധകമാണ്. ഇത് പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും.
കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സർക്കാർ ഇന്ന് മുതൽ മാർച്ച് 31 വരെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. മെഡിക്കൽ കോളേജുകൾക്ക് മാത്രമാണ് ഇത് ബാധകമല്ലാത്തത്. സ്വകാര്യ ട്യൂട്ടോറിയലുകൾ ഉൾപ്പടെ മതപാഠശാലകൾക്കു വരെ നിർദ്ദേശം ബാധകമാണ്.
ഇറ്റലിയിൽ നിന്നും ഇന്നലെ രാത്രിയിൽ (10 – 3 -2020) ന് 52 പേർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. മൂന്ന് ഫ്ലൈറ്റുകളിലായാണ് ഇവർ എത്തിയത്. ഇതിൽ 35 പേരെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ട് കുട്ടികളും രണ്ട് ഗർഭിണികളുമുണ്ട്. പനി, ശ്വാസതടസം എന്നിവ പ്രകടിപ്പിച്ച 10 പേരെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. എല്ലാവരുടെയും സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു.
കൂടുതൽ പേർ എത്തിച്ചേർന്നാൽ അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജ് കൂടാതെ ആലുവ, മുവാറ്റുപുഴ, കരുവേലിപ്പടി സർക്കാർ ആശുപത്രികൾ, തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളേജ് , എയർ പോർട്ട് എന്നിവിടങ്ങളിലാണ് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്. ആലുവ ജില്ലാ ആശുപത്രി താല്കാലിക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. വയോമിത്രം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന 14 ഡോക്ടർമാരുടെയും 14 ജെ.പി.എച്ചുമാരുടെയും സേവനം കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.