ജില്ലയില്‍ 54 പേര്‍  കോവിഡ് 19  നിരീക്ഷണത്തില്‍. പരിശോധനയ്ക്ക് അയച്ച 14 എണ്ണത്തില്‍ ലഭിച്ച 12 എണ്ണവും നെഗറ്റീവ് ആണ്. ഡല്‍ഹിയില്‍ നിന്നെത്തിയ  ഇടുക്കി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞ ഉത്തരേന്ത്യക്കാരന്റെയും ഫലം നെഗറ്റീവയതിനാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഇദ്ദേഹത്തെ മാറ്റി. മറ്റു 2 പേരുടെയും പരിശോധന ഫലം ഇന്ന് (12) ലഭിക്കും. നിരീക്ഷണത്തില്‍  ഉള്ളവരെല്ലാം വീടുകളിലാണ്  ഇപ്പോള്‍ കഴിയുന്നത്.

കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തിയവരും രോഗം ഉണ്ടെന്ന് സംശയിക്കുന്നവരും നേരിട്ട് ആശൂപത്രിയില്‍  വരേണ്ടതില്ല. അവര്‍  ഏറ്റവും അടുത്തുളള ആരോഗ്യ സ്ഥാപനങ്ങളിലോ (ദിശ- 1056)  04862233130,  04862233111. ഈ നമ്പറുകളില്‍ ബന്ധപ്പെടുകയും ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുകയും  ചെയ്യണം.

രോഗലക്ഷണങ്ങള്‍  ഉളളവര്‍ കഴിവതും പൊതുപരിപാടികളും പൊതുയാത്രാസംവിധാനങ്ങളും ഒഴിവാക്കണം. കൃത്യമായ ഇടവേളകളില്‍ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ചോ, ഹാന്‍ഡ് സാനിട്ടൈസര്‍ ഉപയോഗിച്ചോ കഴുകേണ്ടതും, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ,  ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മറയ്ക്കണം. അനാവശ്യമായ  ആശൂപത്രി സന്ദര്‍ശനവും രോഗീ സന്ദര്‍ശനവും ഒഴിവാക്കണം.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ കോവിഡ് 19 ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ നിര്‍വഹിച്ചു. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡണ്ടുമാര്‍,  വിദ്യാഭ്യാസ വകുപ്പ്, ജീവനക്കാര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കായാണ്   ക്ലാസ്സ്  സംഘടിപ്പിച്ചത്. യോഗത്തില്‍ ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. മെഡിക്കല്‍ കേളേജ് കമ്മ്യൂണിറ്റി വിഭാഗം അസി.പ്രൊഫസര്‍ ഡോ.മിനു ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.

ക്ലാസ്സില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചുത്രേസ്സ്യ പൗലോസ്, എഡിഎം ആന്റണി സ്‌കറിയ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്  പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍മാര്‍,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിയ.എന്‍, ഡെപ്യൂട്ടി ഡിഎംഒ സുഷമ പി.കെ,  ഡോ. മറ്റു വകുപ്പ് മേധാവികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിലെ പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ബോധവത്കരണ  യോഗത്തില്‍  ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ. എന്‍.  പ്രിയ ഡെപ്യൂട്ടി മെഡിക്കല്‍ ആഫീസര്‍ ഡോ. പി.കെ സുഷമ എന്നിവര്‍    പോലീസ് വകുപ്പ് കൈകൊളേളണ്ട മുന്‍കരുതലുകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി. ജില്ലാ പോലീസ് സൂപ്രണ്ട് പി.കെ .മധു അദ്ധ്യക്ഷത വഹിച്ചു.