* GOK Direct മൊബൈൽ ആപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


*ടെക്സ്റ്റ് മെസേജ് അലർട്ട് സംവിധാനത്തിലൂടെ സാധാരണ ഫോണിലും വിവരം ലഭിക്കും

കോവിഡ് 19 നെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ ജനങ്ങളിലേക്ക് ഇനി നേരിട്ടെത്തും. ഇതിനായി ജിഒകെ ഡയറക്ട്  (GOK Directമൊബൈൽ ആപ്പ് സർക്കാർ തയ്യാറാക്കി. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോവിഡ് 19നെ നേരിടുന്നതിന്റെ ഭാഗമായാണ് മൊബൈൽ ആപ്പ് പി. ആർ. ഡി തയ്യാറാക്കിയത്.

കോവിഡ് 19 നെക്കുറിച്ച് നിരവധി വ്യാജവാർത്തകൾ പ്രചരിക്കുകയും ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് കൃത്യമായ വിവരങ്ങൾ എത്തിക്കുന്നതിന് മൊബൈൽ ആപ്പ് രൂപകൽപന ചെയ്തത്. നിരീക്ഷണത്തിൽ കഴിയുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ, യാത്ര ചെയ്യുന്നവർ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് ആവശ്യമായ വിവരം മൊബൈൽ ആപ്പിൽ ലഭിക്കും. കൂടാതെ പൊതുഅറിയിപ്പുകളുമുണ്ടാവും.

ഇതിനായി പ്രത്യേക വിഭാഗങ്ങൾ ആപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്‌ക്രീനിനു താഴെ ആരോഗ്യവകുപ്പിന്റെ ദിശയുടെ ഫോൺ നമ്പർ നൽകിയിട്ടുണ്ട്. ഇതിൽ നിന്ന് നേരിട്ട് വിളിക്കാനുമാവും. ടെക്സ്റ്റ് മെസേജ് അലർട്ട് സംവിധാനത്തിലൂടെ നെറ്റ് കണക്ഷനില്ലാത്ത സാധാരണ ഫോണിലും വിവരം ലഭ്യമാക്കും. ഇത്തരം ഫോണുകളിൽ മിസ്ഡ് കാളിലൂടെ വിവരം ലഭിക്കുന്നതിനുള്ള സംവിധാനം ഉടൻ തയ്യാറാകും.

ആൻഡ്രോയിഡ് ഫോണുകളിൽ പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഐ ഫോൺ ആപ്പ് സ്റ്റോറിൽ ഈ ആപ്പ് ഉടൻ ലഭ്യമാവും. ആപ്പിന്റെ ക്യൂആർ കോഡ് സ്‌കാൻ ചെയ്തും ഉപയോഗിക്കാം. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിലുള്ള ക്യു കോപ്പി എന്ന സ്ഥാപനമാണ് മൊബൈൽ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ നിപയുണ്ടായപ്പോഴും ജില്ലാ ഭരണകൂടത്തിനു വേണ്ടി ഇതേ കമ്പനി ആപ്പ് തയ്യാറാക്കിയിരുന്നു. കോവിഡ് 19 നിയന്ത്രണ വിധേയമായ ശേഷം സർക്കാരുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ ഈ ആപ്പ് ഉപയോഗിക്കാനാവും.

മൊബൈൽ ആപ്പിന് വ്യാപകമായ പ്രചാരണം നൽകും. നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ആരോഗ്യവകുപ്പ് വഴി ആപ്പിന്റെ വിവരം എത്തിക്കും. കേരളത്തിന് പുറത്തുനിന്ന് വരുന്നവർക്ക് ഇതേക്കുറിച്ച് വിവരം നൽകുന്നതിന് എയർപോർട്ട്, സീപോർട്ട്, റെയിൽവേ സ്റ്റേഷനുകൾ, പ്രധാന ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽ സംവിധാനം ഒരുക്കും. കൂടാതെ സർക്കാർ വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെയും പ്രചാരണം നൽകും.
മൊബൈൽ ആപ്പിന്റെ ലിങ്ക്: http://qkopy.xyz/prdkerala