മാര്‍ച്ച് 16ന് തദ്ദേശസ്ഥാപനതല യോഗങ്ങള്‍
മാര്‍ച്ച് 18 മുതല്‍ 22 വരെ വീട് കയറി ബോധവല്‍ക്കരണം
ലോകത്ത് പടര്‍ന്നുപിടിക്കുന്ന കൊറോണയെ പ്രതിരോധിക്കാന്‍ ജനങ്ങളുടെ സ്വയംനിയന്ത്രണം കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ എന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. കൊറോണയുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതാദ്യമായി മനുഷ്യനിലേക്ക് വ്യാപിച്ച കോവിഡ് 19 വൈറസിനെതിരേ പ്രതിരോധ വാക്‌സിന്‍ ഇതേവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ നാം ഓരോരുത്തരും ശ്രദ്ധിച്ചാല്‍ അതിന്റെ വ്യാപനം പൂര്‍ണമായി തടയാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊറോണയുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി മാര്‍ച്ച് 18 മുതല്‍ 22 വരെ വീടുകള്‍ കയറി നിര്‍ദ്ദേശങ്ങള്‍ നല്‍കും. തദ്ദേശസ്ഥാപന പ്രതിനിധി, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍ എന്നിവരടങ്ങുന്ന സംഘമാണ് വാര്‍ഡ്തലത്തില്‍ വീടുകളില്‍ കാംപയിന്‍ നടത്തുക. ഇതിനു മുന്നോടിയായി മാര്‍ച്ച് 16ന് തദ്ദേശസ്ഥാപന തലത്തില്‍ പ്രത്യേകം യോഗം വിളിച്ച് പരിപാടികള്‍ ആസൂത്രണം ചെയ്യാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. തദ്ദേശസ്ഥാപന അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കണം. പ്രതിരോധ- ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ മാഹി പ്രദേശത്തെ കൂടി ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ഇതിനായി മാഹി അഡ്മിനിസ്‌ട്രേറ്ററുമായി ജില്ലാ കലക്ടര്‍ ബന്ധപ്പെടും.
കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത വിദേശനാടുകളില്‍ നിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്നവര്‍ ഉടന്‍ തന്നെ തദ്ദേശസ്ഥാപന പ്രതിനിധികളുമായോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണമെന്ന് യോഗം നിര്‍ദ്ദേശം നല്‍കി. ഇതിനായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു പുറമെ, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണവും ബോധവല്‍ക്കരണവും ശക്തമാക്കും.
വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ ഒരു മുറി മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും വീട്ടിലുള്ള മറ്റുള്ളവരുമായി ഇടപഴകുന്നത് പരമാവധി കുറയ്ക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഒരു കാരണവശാലും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്. അത് രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. ജനങ്ങളില്‍ ഭയാശങ്കക്കും കാരണമാവും. ഡയാലിസിസ്, കീമോതെറാപ്പി തുടങ്ങിയവ ആവശ്യമുള്ള രോഗികളുള്ള വീടുകളില്‍ കൊറോണ ബാധ സംശയിക്കുന്നവര്‍ ഐസൊലേഷനില്‍ കഴിയുന്നത് ഒഴിവാക്കണം. കുട്ടികള്‍, പ്രായമുള്ളവര്‍, പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്ക് എളുപ്പത്തില്‍ വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ കൊറോണ സംശയിക്കുന്നവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
കൂടുതല്‍ ആളുകള്‍ ഒരുമിച്ചുകൂടുന്ന ഉല്‍സവങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയവ രോഗവ്യാപനത്തിന് സാധ്യത വര്‍ധിപ്പിക്കുമെന്ന് യോഗം വിലയിരുത്തി. വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ ആളുകളെ പരമാവധി കുറച്ച് നടത്താനും യോഗം ആഹ്വാനം ചെയ്തു. ഇക്കാര്യം തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. മെഡിക്കല്‍ കോളേജ് ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളും പരീക്ഷകളുമായി പ്രവര്‍ത്തിക്കണം.
കൊറോണ വ്യാപനം തടയാന്‍ ഹാന്റ് വാഷോ സോപ്പോ ഉപയോഗിച്ച് കൈകഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങി വ്യക്തിശുചിത്വം ഉറപ്പുവരുത്തണം. ഉപയോഗിച്ച മാസ്‌ക്കുകളും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പരിസര ശുചിത്വം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സുമ ബാലകൃഷ്ണന്‍, എംപിമാരായ കെ സുധാകരന്‍, കെ കെ രാഗേഷ്, എംഎല്‍എമാരായ സി കൃഷ്ണന്‍, ജെയിംസ് മാത്യു, സണ്ണി ജോസഫ്, ടി വി രാജേഷ്, അഡ്വ. എ എന്‍ ഷംസീര്‍, കെ എം ഷാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, അഡീഷണല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, എഡിഎം ഇ പി മേഴ്‌സി, ഡിഎംഒ ഡോ. കെ നാരായണ നായിക്, ഡെപ്യൂട്ടി ഡിഎംഒയും ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസറുമായ ഡോ. കെ എം ഷാജ്, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. ബി സന്തോഷ്, ഡോ. എം പ്രീത, ജില്ലാ ആശുപത്രിയിലെ കോവിഡ് 19 നോഡല്‍ ഓഫീസര്‍ ഡോ. എന്‍ അഭിലാഷ്, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ സുദീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.
സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണം:കര്‍ശന നടപടിക്ക് നിര്‍ദേശം
കൊറോണ രോഗം സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ പൊലീസിന് നിര്‍ദേശം. വ്യവസായ വകുപ്പ മന്ത്രി ഇ പി ജയരാജന്‍ ജില്ലാതല അവലോകന യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്. ജനങ്ങളില്‍ ഭീതിയും പരിഭ്രാന്തിയും പരത്തുന്ന വിധത്തില്‍ പലരും സാമൂഹ്യ മാധ്യമങ്ങളില്‍ അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് നിയമവിരുദ്ധവും ജനദ്രോഹവുമായ നടപടിയാണ്. ഇതിനെതിരെ കര്‍ശന നിയമനടപടി സ്വകീരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലെ ഇത്തരം പ്രവര്‍ത്തനം കേരള പൊലീസിന്റെ സൈബര്‍ സെല്‍ സൂക്ഷ്മമായി നിരീക്ഷിക്കും. ഇങ്ങനെ തെറ്റായ കാര്യം പ്രചരിപ്പിച്ചതിന് ജില്ലയില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ രോഗബാധയെക്കുറിച്ചും പ്രതിരോധ നടപടികളെ കുറിച്ചും അറിയാന്‍ ഔദ്യോഗിക മാര്‍ഗങ്ങളെ ആശ്രയിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ Gok Direct എന്ന പേരില്‍ കൊറോണ ബോധവല്‍ക്കരണ മൊബൈല്‍ ആപ്പ് വഴി ശരിയായ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്‍കുന്നുണ്ട്. പരമാവധി ആളുകള്‍ വിവരങ്ങള്‍ക്ക് ഇത് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വെസ്‌റ്റേഷനുകളിലും ബസ്‌സ്റ്റാന്റുകളിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തുന്നവരെ ഉദ്ദേശിച്ച് അനൗണ്‍സ്‌മെന്റ് ഏര്‍പ്പെടുത്തും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇതിനായി യോഗം നിര്‍ദേശം നല്‍കി. നിലവില്‍ നല്ലനിലയില്‍ പ്രതിരോധ നടപടികള്‍ നടക്കുക്കുണ്ടെന്ന് എംപിമാരും എംഎല്‍എമാരും അഭിപ്രായപ്പെട്ടു.
കൊറോണ: ആശുപത്രിയിലുള്ളവരുടെ എണ്ണം 43 ആയി
ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധ സംശയിക്കുന്ന 20 പേരെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 43 ആയി. ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചയാളുമായി ദുബയില്‍ വെച്ച് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എട്ടുപേര്‍ ശനിയാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇവരെ നേരിട്ട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിലവില്‍ 20 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 23 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലുമാണുള്ളത്. 260 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതുവരെയായി പരിശോധനയ്ക്കയച്ച 76 സാമ്പിളുകളില്‍ ഒരെണ്ണം പോസിറ്റീവും 44 എണ്ണം നെഗറ്റീവുമാണ്. 31 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
തൂവാല വിപ്ലവവുമായി ജില്ലാ ചൈല്‍ഡ് ലൈന്‍
കോവിഡ് 19 ജില്ലയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൈറസ് വ്യാപനം ചെറുക്കാന്‍ തൂവാല വിപ്ലവവുമായി ജില്ലാ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍. തലശ്ശേരി അതിരൂപതയുടെ കീഴിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്ന സംഘടനയുമായി ചേര്‍ന്നാണ് ജില്ലാ ചൈല്‍ഡ് ലൈന്‍ ജനങ്ങള്‍ക്ക് സൗജന്യമായി തൂവാലകള്‍ വിതരണം ചെയ്യുന്നത്. രോഗ പ്രതിരോധത്തിന്റെ ഭാഗമായുള്ള മുന്‍കരുതലുകളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
മാസ്‌കുകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ വൈറസ് ബാധ തടയുന്നതിനാണ് തൂവാലകള്‍ വിതരണം ചെയ്യുന്നത്. ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി ആളുകള്‍ കൂടുന്ന ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലായാണ് വിതരണം. രണ്ട് ദിവസങ്ങളിലായി അമ്പതിനായിരത്തോളം തൂവ്വാലകളാണ് വിതരണം ചെയ്യുക. കഴുകി ഉപയോഗിക്കാന്‍ സാധിക്കുന്ന കോട്ടണ്‍ തൂവാലകളാണ് നല്‍കുന്നത്.
കലക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തൂവാല വിതരണം ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാദര്‍ ബെന്നി നിരപ്പേന്‍, തലശ്ശേരി അതിരൂപത മൈത്രാന്‍ ഫാദര്‍ പാബ്ലാന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ വി ഡി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
കോവിഡ് – 19: പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക
സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക. 20 സെക്കന്റോളം കൈകള്‍ കഴുകണം.
സോപ്പും വെള്ളവും ലഭ്യമായില്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുക.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായയും അടച്ചുപിടിക്കുക
കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടരുത്
പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് കര്‍ശനമായി ഒഴിവാക്കുക
പനിയുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഉപ യോഗിക്കാതിരിക്കുക
ആളുകള്‍ കൂടുതലായി ഒത്തുചേരാനിടയുള്ള മേളകള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയവയില്‍ നിന്നും പരമാവധി വിട്ടുനില്‍ക്കുക
അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക
രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക
മാംസവും മുട്ടയും നന്നായി പാചകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ. പാതി വേവിച്ചവ കഴിക്കരുത്.
വേവിക്കാത്ത മാംസം, പാല്‍, മൃഗങ്ങളുടെ അവയവങ്ങള്‍ എന്നിവ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
പാചകം ചെയ്തതും ചെയ്യാത്തതുമായ മാംസം, മുട്ട, പാല്‍ എന്നിവ ഒരുമിച്ച് സൂക്ഷിക്കുന്നത് ക്രോസ് കണ്ടാമിനേഷന്‍ എന്ന അവസ്ഥയ്ക്ക് ഇടയാക്കും. അതുവഴി രോഗാണുക്കള്‍ പടരാന്‍ സാധ്യതയുണ്ടെന്ന തിനാല്‍ ആ രീതി ഒഴിവാക്കണം.
വളര്‍ത്തുമൃഗങ്ങളുമായിപ്പോലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരി ക്കാതെ അടുത്തിടപഴകരുത്.
രാജ്യാന്തര യാത്രകള്‍ ചെയ്യുന്നവര്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം
പനി, കടുത്ത ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം, അസാധാരണമായ ക്ഷീണം എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ നടത്താതെ ഉടന്‍ ഡോക്ടറെ കാണുക
തെറ്റായതും തെറ്റിദ്ധാരണയുളവാക്കുന്നതുമായ സന്ദേശങ്ങള്‍ ഒരു കാരണവശാലും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കരുത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണം. പരിഭ്രാന്തിയല്ല, ജാഗ്രതയാണ് വേണ്ടത്.
മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അവശ്യഘട്ടങ്ങളില്‍ മാത്രമേ മാസ്‌ക് ധരിക്കേണ്ടതുള്ളൂ.
പനി, മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങ ളുള്ളവരും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയാകും.
മാസ്‌ക് ധരിക്കുന്നതിനു മുമ്പ് സോപ്പും വെള്ളവും അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക.
മൂക്കും വായയും മറയുന്ന വിധത്തില്‍ മാസ്‌ക് ധരിക്കണം. മാസ്‌കിനും മുഖത്തിനുമിടയില്‍ വിടവില്ല എന്ന് ഉറപ്പുവരുത്തുക.
മാസ്‌കില്‍ തൊടരുത്. തൊട്ടാല്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം.
ഈര്‍പ്പമോ നനവോ ഉണ്ടെങ്കില്‍ മാസ്‌ക് ഉടന്‍ മാറ്റുക. മാസ്‌കിന്റെ മുന്‍ഭാഗത്ത് സ്പര്‍ശിക്കാതെ പിന്നില്‍ നിന്നാണ് മാറ്റേണ്ടത്.
അഴിച്ചുമാറ്റിയ മാസ്‌ക് അലക്ഷ്യമായി വലിച്ചെറിയാതെ മൂടിയുള്ള വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുക. അതിലേക്ക് ഒരു ശതമാനം ബ്ലീച്ച് ലായനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ 33 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ ലയിപ്പിച്ചുണ്ടാക്കുന്ന ലായനി) ഒഴിച്ച് അണുവിമുക്തമാക്കുക. അതിനുശേഷം കത്തിച്ചു കളയുകയോ കുഴിച്ചുമൂടുകയോ ചെയ്യുക.
ഒരിക്കല്‍ ഉപയോഗിച്ച മാസ്‌ക് വീണ്ടും ഉപയോഗിക്കരുത്.