പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ (മാര്‍ച്ച് 15ന്) രാത്രി വൈകിവന്ന ഒന്‍പതുപരിശോധന ഫലവും നെഗറ്റീവാണെന്നു ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. രണ്ടുദിവസമായി ലഭിച്ച 14 പരിശോധന ഫലവും നെഗറ്റീവാണ്. ഇന്നലെ രാത്രി നാലുപേരെ പുതിയതായി ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി.
കഴിഞ്ഞ ദിവസം (15ന്) വൈകിട്ട് ബസ് സ്റ്റാന്‍ഡില്‍ കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗലക്ഷണമുള്ള അതിഥി സംസ്ഥാനതൊഴിലാളിയെ ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡിലേക്കു മാറ്റിയത്. നിലവില്‍ 27 പേരാണു ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. പുതിയതായി നാലു പേരെ ഡിസ്ചാര്‍ജ് ചെയ്തു. രോഗം സ്ഥിരീകരിച്ചു ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴുപേരുടെ മൂന്നു സെറ്റ് പരിശോധനാഫലം ഉടന്‍ ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.