പത്തനംതിട്ട: കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളും ജാഗ്രതയും തുടരണമെന്ന് രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. കോവിഡ് 19 രോഗപ്രതിരോധവും അതിനോടനുബന്ധിച്ച് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റാന്നിമേഖല അടിയന്തര അവലോകന യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡ്തലത്തില്‍ ഇന്ന് (17) യോഗംചേരാനും തീരുമാനിച്ചു.
നിരീക്ഷണത്തിലിരിക്കുന്നവര്‍ വീടുകളില്‍തന്നെ കഴിയുന്നുവെന്നു ജനപങ്കാളിത്തത്തോടെ ഉറപ്പുവരുത്തും. പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പും സര്‍ക്കാരും നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍,വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ, മത,സാമൂഹ്യ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെയും എല്ലാവിഭാഗം ആളുകളുടെയും സജീവ പങ്കാളിത്തം യോഗം അഭ്യര്‍ഥിച്ചു.
നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കിനല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. ഇതിനായി താലൂക്ക് ആശുപത്രിയുടെ ഒന്നും മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന്റെ മുന്നും ആംബുലന്‍സുകള്‍ തയ്യാറാക്കിക്കഴിഞ്ഞു. ഇന്ന്(മാര്‍ച്ച് 17) മുതല്‍ ഈ കുട്ടികളെ ആംബുലന്‍സുകളില്‍ സ്‌കൂളുകളില്‍ പരീക്ഷ എഴുതിക്കുകയും തിരികെ കൊണ്ടുവരികയും ചെയ്യും.
നിരീക്ഷണത്തിലുള്ളവര്‍ക്ക് ആഹാരവും മറ്റു സഹായങ്ങളും കൃത്യമായി എത്തിക്കുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. നിരീക്ഷണത്തിലുള്ളവര്‍ താമസിക്കുന്ന മേഖലകളില്‍ വാട്ടര്‍ അതോരിട്ടി കുടിവെള്ളം ഉറപ്പുവരുത്തണമെന്നു എം.എല്‍.എ നിര്‍ദേശിച്ചു.
റാന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍നടന്ന യോഗത്തില്‍ പത്തനംതിട്ട ജില്ലാദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഗ്രിഗറി കെ.ഫിലിപ്പ്,റാന്നി തഹസിദാര്‍ സാജന്‍ വി.കുര്യാക്കോസ് ,റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ശംഭു എന്നിവര്‍ നേതൃത്വം നല്‍കി. ജനപ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടീ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.