പത്തനംതിട്ട: തിരുവല്ല റെയിവേസ്‌റ്റേഷനിലും ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡുകളിലും സ്‌ക്രീനിങ്ങും ബോധവത്കരണവും ശക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തിരുവല്ല റെയില്‍വേ സ്‌റ്റേഷനിലെയും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെയും സ്‌ക്രീനിംങ് ടെസ്റ്റ്, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍ പി.ബി നൂഹ്.
മറ്റുസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ക്രമീകരിച്ച ആരോഗ്യവകുപ്പിന്റെ സ്‌ക്രീനിങ് ടെസ്റ്റിന് വിധേയമാക്കണം. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും ഹെല്‍ത്ത് ഡെസ്‌കില്‍ റിപ്പോര്‍ട്ട് ചെയ്യണം. ബ്രെയ്ക് ദി ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി കൈകള്‍ വൃത്തിയായി കഴുകണമെന്നും പൊതുഇടങ്ങളില്‍ ഇറങ്ങുമ്പോള്‍ മറ്റുള്ളവരുമായി അകലം പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ഡി.പി.എം ഡോ. എബിസുഷന്‍, തിരുവല്ല തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണു സന്ദര്‍ശനം നടത്തിയത്.
നിലവില്‍ റെയില്‍വേ സ്റ്റേഷനില്‍ നാല് കിയോസ്‌കുകളാണുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, പാലിയേറ്റീവ് കെയര്‍ വോളന്റീയര്‍മാര്‍ എന്നിവരടങ്ങുന്ന നാലുടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്കായി ആരോഗ്യവകുപ്പിന്റെ മൈക്ക് അനൗണ്‍സ്‌മെന്റും നടത്തുന്നുണ്ട്. സ്‌ക്രീനിങ്ങിനെത്തുന്നവരുടെ പേരും വിവരവും ശേഖരിച്ച് രോഗവിവരങ്ങള്‍ അറിയുകയും രോഗലക്ഷണങ്ങളുള്ളവരെ താലൂക്ക് ആശുപത്രിയിലേക്ക് അയക്കുകയും ചെയ്യും. ബോധവത്കരണത്തിനാവശ്യമായ ലഘുലേഖകളും സ്റ്റേഷനുകളില്‍ വിതരണം ചെയ്യും.