പത്തനംതിട്ട ജില്ലയില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മാധ്യമ നിരീക്ഷണ കേന്ദ്രം പ്രത്യേക ഫെയ്‌സ്ബുക്ക് പേജ്തുറന്നു. മാധ്യമ നിരീക്ഷണകേന്ദ്രം പത്തനംതിട്ട ( Media Surveillance Centre Pathanamthitta ) എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിലൂടെ കൊറോണയുമായി ബന്ധപ്പെട്ട് അച്ചടി, ദൃശ്യ, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍, ജനങ്ങളുടെ സംശയങ്ങള്‍, വിവിധ ആവശ്യങ്ങള്‍ എന്നിവ ജില്ലാ ഭരണകൂടവുമായി പങ്കുവയ്ക്കുന്നതിന് അവസരംലഭിക്കും.
മാധ്യമ നിരീക്ഷണകേന്ദ്രം കണ്ടെത്തുന്ന തെറ്റായ വാര്‍ത്തകളും സന്ദേശങ്ങളും പ്രത്യേക പോസ്റ്ററാക്കി വ്യാജമാണെന്ന കുറിപ്പോടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ജനങ്ങളെ അറിയിക്കും. തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നവരെ കണ്ടെത്തി പോലീസിന് വിവരംകൈമാറി കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു നടപടിസ്വീകരിക്കും. കോവിഡുമായി ബന്ധപ്പെട്ട ദേശീയ, അന്തര്‍ദേശീയ, ആഗോളതലത്തിലുള്ള സംഭവങ്ങളും നിരീക്ഷണവിധേയമാക്കും.
മാധ്യമ നിരീക്ഷണ വിഭാഗത്തിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പരും ഫെയ്‌സ്ബുക്ക് പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യാജവാര്‍ത്തകളോ, സന്ദേശങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ മാധ്യമനിരീക്ഷണ വിഭാഗത്തിന്റെ 9497377823 എന്ന നമ്പരിലൂടെയും ജനങ്ങള്‍ക്ക് വിവരം അറിയിക്കാം.
ജില്ലാഭരണകൂടം, ആരോഗ്യവകുപ്പ്, പിആര്‍ഡി, ഐടി വകുപ്പ്, പോലീസ്-സൈബര്‍സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മാധ്യമനിരീക്ഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കോമ്പാറ്റ് ആപ്ലിക്കേഷന്‍
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വേഗത്തില്‍ വിവരങ്ങള്‍ കൈമാറുന്നതിനായി കോമ്പാറ്റ് (COM-BAT) എന്ന പുതിയ ആന്‍േഡ്രായിഡ് ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തുകയാണ് തിരുവല്ല മാക്ഫാസ്റ്റ് കോളജിലെ ജീവനക്കാരും വിദ്യാര്‍ഥികളും.
ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നിര്‍ദേശപ്രകാരം കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവല്ല മാക്ഫാസ്റ്റ് കോളജിന്റെയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെയും ഐ.ടി മിഷന്റെയും സഹായത്തോടെയാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നത്. നാലു ദിവസംകൊണ്ടാണ് ആപ്ലിക്കേഷന്‍ യഥാര്‍ഥ്യമായത്.
ഉദ്യോഗസ്ഥരുടെ ഇ-മെയില്‍ ഐഡിയിലൂടെ ലിങ്ക് ഉപയോഗിച്ച് കോമ്പാറ്റിന്റെ സഹായത്തോടെ ആരോഗ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടര്‍മാരുടെയും ഫെയ്സ്ബുക്ക് പേജിലും നേരിട്ട് എത്താന്‍സാധിക്കും. ജില്ലയില്‍ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 16 ടീമുകളിലെ അംഗങ്ങള്‍ക്കും നേരിട്ട് വിവരങ്ങള്‍ കൈമാറാനും ഈ ആപ്പിലൂടെ സാധിക്കും.
അഡ്മിന്‍ ആയിരിക്കും കോമ്പാറ്റ് ആപ്പ് നിയന്ത്രിക്കുന്നത്. 16 സംഘത്തിലുമുള്ളവരുടെ മൊബൈല്‍ നമ്പരുകളും ഇതിലുണ്ട്. ആപ്പില്‍ നിന്ന് ഇവരെ വിളിക്കാനും മെസേജ് ചെയ്യാനുമുള്ള സൗകര്യവുമുണ്ട്. ആരുടെയും നമ്പര്‍ ഫോണില്‍ സേവ് ചെയ്യാതെ കൃത്യസമയത്തുതന്നെ വിവരങ്ങള്‍ കൈമാറാം. സംസ്ഥാനത്ത് മുഴുവനും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ആപ്പ് നിര്‍മിച്ചിരിക്കുന്നത്.
തിരുവല്ല മാക്ഫാസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ.ചെറിയാന്‍ ജെ.കോട്ടയില്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.സുധീപ് ബി. ചന്ദ്രമന, എന്‍.ഐ.സി ഓഫീസര്‍ ജിജി ജോര്‍ജ്, ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ഷൈന്‍ ജോസ്, പ്രോജക്ട് ലീഡര്‍ പവിന്‍രാജ് തടത്തില്‍, സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ ജെയ്മോന്‍ ജെയിംസ്, ഡെവലപ്മെന്റ് ഓഫീസര്‍ സി.സജി പ്രൊജക്ട് ഡെവലപ്പിംഗ് മാനേജര്‍ അജയ് കുര്യന്‍ തുടങ്ങിയവരുടെ പ്രയത്നത്തിലാണ് കോമ്പാറ്റ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഒരുക്കിയിരിക്കുന്നത്.