കോഴികള്‍ക്കുള്ള നഷ്ടപരിഹാര തുക ഈ മാസം 31ന് മുമ്പ്: മന്ത്രി അഡ്വ.കെ രാജു

മലപ്പുറം: പക്ഷിപ്പനിയെ തുടര്‍ന്ന് കോഴികളെ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര തുക ഈ മാസം (മാര്‍ച്ച് 31നകം ) തന്നെ വിതരണം ചെയ്യുമെന്ന് മൃഗസംരക്ഷണ- ക്ഷീര വികസന-വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു.

ഒന്ന് മുതല്‍ അറുപത് ദിവസം വരെ പ്രായമായ കോഴികള്‍ക്ക് 100 രൂപ വീതവും രണ്ടു മാസത്തിലധികം പ്രായമായ കോഴികള്‍ക്ക് 200 രൂപ വീതവും കോഴിമുട്ട ഒന്നിന് അഞ്ച് രൂപ വീതവും അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മലപ്പുറം കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നത തല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളര്‍ത്തു പക്ഷികളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നതും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. പക്ഷിപ്പനിയ്ക്കിടയാക്കുന്ന വൈറസ് മനുഷ്യരിലേക്ക് പകരില്ല എന്നുറപ്പില്ലാത്തതിനാലും പക്ഷിപ്പനി പ്രതിരോധത്തിന്  ലോകത്ത് ഇതുവരെ ഫലപ്രദമായ മരുന്ന് കണ്ടു പിടിക്കാത്തതിനാലുമാണ് കോഴികളെയും താറാവുകളെയും വളര്‍ത്തു പക്ഷികളെയും നശിപ്പിക്കേണ്ടി വരുന്നത്.
പക്ഷിപ്പനി പ്രതിരോധത്തില്‍ അഖിലേന്ത്യ അടിസ്ഥാനത്തിലുള്ള പ്രോട്ടോകോള്‍ പാലിച്ചാണ് നടപടികള്‍ സ്വീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച പരപ്പനങ്ങാടി പാലത്തിങ്ങലിന് ഒരു കിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ കോഴികളെയും വളര്‍ത്തു പക്ഷികളെയും നശിപ്പിക്കുന്ന നടപടി തുടരും.

ഈ മേഖലയില്‍ അടുത്ത രണ്ട് മാസം  വരെ  കോഴി ഇറച്ചി കടകള്‍ക്കും മുട്ട വില്‍പ്പന കേന്ദ്രങ്ങള്‍ക്കും നിരോധനം തുടരും.  അടുത്ത മൂന്നു മാസക്കാലം പ്രദേശത്തെ വീടുകളില്‍ കോഴികളെ വളര്‍ത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ പ്രോട്ടോകോള്‍ പ്രകാരം അനുമതിയുണ്ടാകില്ല.
പ്രദേശത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഇറച്ചിക്കടകളുടെയും മുട്ട വില്‍പ്പന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനത്തില്‍ നിയന്ത്രണവുമുണ്ടാകും. പത്ത് കിലോമീറ്റര്‍ പരിധിയ്ക്കപ്പുറത്തേക്കും തിരിച്ചും കോഴികളെ കൊണ്ടു പോകാനോ കൊണ്ടുവരാനോ പാടില്ലെന്നും  സുരക്ഷ കണക്കിലെടുത്ത് ജനങ്ങള്‍ തുടര്‍ന്നും  സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ഇക്കാര്യങ്ങള്‍ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലെ വീടുകള്‍ തോറും ലഘുലേഖകള്‍ വിതരണം ചെയ്യും. പക്ഷിപ്പനി വിഷയത്തില്‍ ആശങ്ക വേണ്ടെന്നും എന്നാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. കൊറോണ മുന്‍കരുതല്‍ നടപടികള്‍ പാലിക്കേണ്ടതിനാലാണ് പക്ഷിപ്പനി സ്ഥിരീകരിച്ച പാലത്തിങ്ങലിലെ സന്ദര്‍ശനം ഒഴിവാക്കിയതെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ , എം.എല്‍. എ മാരായ പികെ അബ്ദുറബ്ബ്, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി ഉബൈദുള്ള, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എം കെ പ്രസാദ്, അഡീഷനല്‍ ഡയറക്ടര്‍ ഡോ. സി.മധു, അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി, ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം, മൃഗ സംരക്ഷണ വകുപ്പ് ജില്ല ഓഫീസര്‍ ഡോ. റാണി കെ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അയ്യൂബ് തുടങ്ങിയവര്‍ സംസാരിച്ചു.

പക്ഷിപ്പനി പ്രതിരോധം: ഇതു വരെ നശിപ്പിച്ചത് 2425 വളര്‍ത്തു പക്ഷികളെ

പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി പരപ്പനങ്ങാടി പാലത്തിങ്ങലിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മാര്‍ച്ച് 16 വരെ നശിപ്പിച്ചത് കോഴികള്‍ ഉള്‍പ്പെടെ 2425 വളര്‍ത്തു പക്ഷികളെ. 763 മുട്ടകളും 47.5 കിലോ തീറ്റയും നശിപ്പിച്ചു. പ്രവര്‍ത്തനം തുടങ്ങിയ മാര്‍ച്ച് 14 ന് 528 എണ്ണത്തെയാണ് നശിപ്പിച്ചത്. ഇതേ ദിവസം 332 മുട്ടകളും 13.5 കിലോ തീറ്റയുമാണ് അഗ്‌നിക്കിരയാക്കിയത്. രണ്ടാം ദിനമായ മാര്‍ച്ച് 15ന് 899 എണ്ണത്തെയും കൊന്നു. 167 മുട്ടകളും 14 കിലോ തീറ്റയും മാര്‍ച്ച് 16ന് കോഴികളും പക്ഷികളും അടക്കം 998 എണ്ണത്തിനെയും നശിപ്പിച്ചു. ഇതേ ദിവസം 264 മുട്ടകളും 20 കിലോ തീറ്റയുമാണ് തീയിട്ട് നശിപ്പിച്ചത്.

പരപ്പനങ്ങാടി നഗരസഭയിലെ 15, 16, 17, 18, 19, 20 ഡിവിഷനുകളിലും തിരൂരങ്ങാടി നഗരസഭാ പരിധിയില്‍ വരുന്ന മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചുഴലി, നന്നമ്പ്രയിലെ കൊടിഞ്ഞി എന്നിവിടങ്ങളില്‍ നിന്നുമാണ് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇത്രയും പക്ഷികളെ കൊന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ബാക്കിയുള്ള കോഴികളെയും വളര്‍ത്തു പക്ഷികളെയും കണ്ടെത്തി നശിപ്പിക്കും. അണുനാശിനി ഉപയോഗിച്ച് ഫാമുകളും കൂടുകളും ശുചീകരിക്കും.
മാര്‍ച്ച് 20ന് കേന്ദ്ര സര്‍ക്കാറിലേക്ക് സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
തുടര്‍ന്നുള്ള മൂന്ന് മാസക്കാലയളവില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന് പത്ത് കിലോമീറ്റര്‍ പരിധിക്കുളളില്‍ 15 ദിവസം കൂടുമ്പോള്‍ റാന്‍ഡം സാബ്ലിങ് നടത്തി ഭോപ്പാലിലെ  ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കും.ഇതിനിടെ ഒരു മാസം കഴിഞ്ഞ് അവലോകന യോഗം ചേരും. അടുത്ത മാസവും നടപടികള്‍ അവലോകനം ചെയ്യും. പരിശോധന ഫലം നെഗറ്റീവായാല്‍ കേന്ദ്ര സര്‍ക്കാര്‍ രോഗവിമുക്ത സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത്രയും പ്രക്രിയകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ദൗത്യം അവസാനിപ്പിക്കാനാകൂ.  ഇക്കാലയളവിലെല്ലാം ഉദ്യോഗസ്ഥര്‍ മ്യഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എം കെ പ്രസാദിന് ദൈനംദിന പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

പക്ഷിപ്പനി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടര്‍മാര്‍ ജില്ലയിലെത്തി

ജില്ലയിലെ പക്ഷിപ്പനി സംബന്ധിച്ച വിവരങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടര്‍മാരായ ദീപ്തി, ശിവകുമാര്‍ എന്നിവര്‍ ജില്ലയിലെത്തി. പക്ഷിപ്പനി ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ജില്ലാ കലക്ടര്‍, ഡി.എം.ഒ എന്നിവരുമായി ഇവര്‍ ചര്‍ച്ച നടത്തി.

പക്ഷിപ്പനി കണ്ടെത്തിയ പരപ്പനങ്ങാടി പാലത്തിങ്ങല്‍ പ്രദേശത്തിന് പത്ത് കിലോമീറ്റര്‍ പരിധിയിലുള്ളവരിലെ രോഗ ലക്ഷണങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഡി.എം.ഒ ഡോ.കെ സക്കീന സംഘത്തെ അറിയിച്ചു. പ്രത്യേകിച്ചും മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ താമസക്കാരായവരെയാണ് കര്‍ശനമായി നിരീക്ഷണ വിധേയമാക്കുന്നത്. രോഗബാധയുള്ളവരെ നിരീക്ഷിക്കാന്‍  തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ഐസോലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചതായും ഡി.എം.ഒ പറഞ്ഞു.