ഇടുക്കി: കോവിഡ് 19 നെതിരെ മുൻകരുതൽ ശക്തമാക്കുന്ന നായി അടിമാലിയിൽ  പ്രത്യേക യോഗം ചേർന്നു. വൈദ്യുത മന്ത്രി എം എം മണിയുടെ  നേതൃത്വത്തിലും എസ്.  രാജേന്ദ്രൻ എം.എൽ.എയുടെ  അധ്യക്ഷതയിലും ചേർന്ന യോഗത്തിൽ മേഖലയിലെ വ്യാപാരി വ്യവസായി പ്രതിനിധികൾ, ജനപ്രതിനിധികൾ ,ഹോട്ടൽ, റിസോർട്ട് ഉടമകൾ എന്നിവരും പങ്കെടുത്തു. ജില്ലയിൽ സ്വീകരിച്ചു വരുന്ന മുൻകരുതലുകളെക്കുറിച്ച് മന്ത്രി വിവരിച്ചു.
രോഗ ലക്ഷണങ്ങളുള്ളവർക്ക് ഐസൊലേഷനുള്ള  സജ്ജീകരണം ചിത്തിരപുരത്തും അടിമാലിയിലും ക്രമീകരിച്ചിട്ടുണ്ട്. ഒന്നിച്ചുള്ള പ്രവർത്തനമാണ് ഈ ഘട്ടത്തിൽ ആവശ്യം,  സ്വകാര്യ ആശുപത്രികളുടെ സഹരണവും ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. മൂന്നാറിലേക്കുന്ന സഞ്ചാരികളുടെ പ്രധാന ഇടത്താവളമാണ്    അടിമാലി.
രോഗ ലക്ഷണമുള്ളവരുടെ വിവരങ്ങൾ കൃത്യമായി ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിലവിൽ മൂന്നാർ റ്റി കൗണ്ടിയിൽ ഐസൊലേഷനിൽ കഴിയുന്നവർ നിരീക്ഷണത്തിലാണെന്നും രോഗ ലക്ഷണമുള്ളവർക്ക് കൊറോണ ടെസ്റ്റ് നടത്താനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും ഡെപൂട്ടി ഡി.എം ഒ ഡോ.സുഷമ അറിയിച്ചു.
അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്, വൈസ് പ്രസിഡന്റ് എം പി വർഗ്ഗീസ്, എഡിഎം  ആറ്റണി സ്കറിയ ,തഹസിൽദാർ ജിജി കുന്നപ്പിള്ളി,  അടിമാലി സിഐ അനിൽ ജോർജ്, ഡോ.സുരേഷ് വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.