റെയില്‍വേ സ്റ്റേഷനുകളിലും സംസ്ഥാന അതിര്‍ത്തികളിലും പരിശോധനാ സ്‌ക്വാഡുകള്‍
ഐസൊലേഷന് കൂടുതല്‍ കേന്ദ്രങ്ങള്‍ കണ്ടെത്തും

വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം പേര്‍ ജില്ലയിലെത്തുന്ന സാഹചര്യത്തില്‍ കൊറോണ ബാധ സംശയിക്കുന്നവരെ കണ്ടെത്തുന്നതിന് കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി അതിര്‍ത്തി പ്രദേശങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും ഉള്‍പ്പെടെ പരിശോധനാ സംഘങ്ങളെ നിയോഗിക്കും. ആരോഗ്യ പ്രവര്‍ത്തകരും പോലിസ് ഉദ്യോഗസ്ഥരും ചേര്‍ന്നതായിരിക്കും സ്‌ക്വാഡുകള്‍. വൈറസ് ബാധ സംശയിക്കുന്നവരെ ആവശ്യാനുസരണം ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലാക്കും. ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ നോട്ടീസുകളും ഇവിടങ്ങളില്‍ വിതരണം ചെയ്യും.
വൈറസ് ബാധ സംശയിക്കുന്ന കൂടുതല്‍ പേര്‍ എത്താനുള്ള സാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ, സ്വകാര്യ ആശുപത്രികള്‍, പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍, കെടിഡിസി ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവിടങ്ങളില്‍ ഐസൊലേഷന് സംവിധാനമൊരുക്കാനും ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
വീടുകളിലും മറ്റും ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഇടങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് കുടുംബശ്രീ പ്രവര്‍ത്തകരെയും ശുചിത്വം ഉറപ്പുവരുത്തുന്നതിന് ഹരിത കര്‍മ സേനാ പ്രവര്‍ത്തകരെയും സജ്ജരാക്കും. ആവശ്യമെങ്കില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെയും വളണ്ടിയര്‍മാരെയും നിയോഗിക്കും. ഇവര്‍ക്ക് ആവശ്യമായ പ്രത്യേക സുരക്ഷാ ബോധവല്‍ക്കരണവും നല്‍കും.
മുന്നറിയിപ്പുകള്‍ ലംഘിച്ച് കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന വിവാഹങ്ങള്‍, മറ്റ് ചടങ്ങുകള്‍ എന്നിവ കണ്ടെത്തി തടയാനും നടപടികളെടുക്കാനും തഹസില്‍ദാര്‍മാര്‍ക്കും തദ്ദേശസ്ഥാപന പ്രതിനിധികള്‍ക്കും പോലിസ് ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അഡീഷണല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, എഡിഎം ഇ പി മേഴ്സി, ഡെപ്യൂട്ടി കലക്ടര്‍ കെ കെ അനില്‍കുമാര്‍, ഡിഎംഒ ഡോ നാരായണ നായ്ക്, ഡിപിഎം ഡോ. കെ വി ലതീഷ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. ബി സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കൊറോണ: സ്വകാര്യ ആശുപത്രികള്‍ ഐസൊലേഷന്‍ വാര്‍ഡ് സജീകരിക്കണം

ആശുപത്രി അധികൃതരുടെ യോഗം ചേര്‍ന്നു

ജില്ലയില്‍ കൊറോണ നിരീക്ഷണത്തിലുള്ളവരെ പ്രവേശിപ്പിക്കുന്നതിനായി സ്വകാര്യ- സഹകരണ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  കോവിഡ് 19 മായി ബന്ധപ്പട്ട് സ്വകാര്യ-സഹകരണ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഐഎംഎ, ഐഎപി, കെജിഎംഒഎ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയ സൗകര്യം മതിയാവാതെ വരുന്ന സാഹചര്യത്തിലാണ് സ്വകാര്യാശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചത്. ആശുപത്രി അധികൃതര്‍ക്കും ജീവനക്കാര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് വഴി ലഭ്യമാക്കും. വാര്‍ഡുകള്‍ സജ്ജീകരിക്കുന്ന വിധം, ആവശ്യമായ വസ്തുക്കള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അതത് ആശുപത്രികള്‍ക്ക് നല്‍കും. വെന്റിലേറ്ററിന്റെ കുറവു നേരിടുന്നതിനാല്‍ വാര്‍ഡിനൊപ്പം വെന്റിലേറ്റര്‍ കൂടി ലഭ്യമാക്കാന്‍ ആശുപത്രി തയ്യാറാകണമെന്നും കലക്ടര്‍ അറിയിച്ചു.
കോവിഡ് 19 മായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ആശുപത്രിക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും വരുന്ന വസ്തുതാപരമല്ലാത്ത വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ നടപടിയുണ്ടാവണമെന്ന്് ഐഎംഎ ഭാരവാഹികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആശുപത്രിയുടെ വിവരങ്ങള്‍ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഷെഡ്യൂള്‍ തയ്യാറാക്കണമെന്നും ഡോക്ടര്‍മാര്‍ യോഗത്തില്‍ അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സബ്കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലക്യ, എഡിഎം ഇപി മേഴ്സി, ഡിഎംഒ ഡോ. കെ നാരായണ നായ്ക്, ഡിപിഎം ഡോ. കെ വി ലതീഷ്, ഡെപ്യൂട്ടി ഡിഎംഒയും ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസറുമായ ഡോ. കെ എം ഷാജ്, ജില്ലാ നോഡല്‍ ഓഫീസര്‍ അഭിലാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.