കണ്ണൂർ: കൊറോണ വൈറസ്ബാധ സംശയിക്കുന്നവരില്‍ നിന്ന് നേരിട്ട് വാര്‍ത്ത ശേഖരിക്കുന്നതും ആശുപത്രിയില്‍ പോയുള്ള റിപ്പോര്‍ട്ടിങ്ങും മാധ്യമപ്രവര്‍ത്തകര്‍ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.  വൈറസ് ബാധ സംശയിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത ജില്ലയിലെ മാധ്യമസ്ഥാപന പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണ വൈറസുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ നടപടികളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണ്.  വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കൈക്കൊള്ളുന്ന നിയന്ത്രണ നടപടികള്‍ അതിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്പപ്പോള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കാന്‍ വിവരപൊതുജന സമ്പര്‍ക്ക വകുപ്പ് വഴി സംവിധാനമൊരുക്കും.

കോവിഡ് 19 വൈറസ് നാട്ടില്‍ വ്യാപിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന് ഡെപ്യൂട്ടി ഡിഎംഒയും ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ ഡോ. ബി സന്തോഷ് പറഞ്ഞു. വൈറസ് ബാധ കൂടുതല്‍ പേരിലെത്തിയാല്‍ പിന്നെ അതിനെ പിടിച്ചുകെട്ടുക അത്ര എളുപ്പമല്ല. അത്തരമൊരു സാഹചര്യം ഉണ്ടാവാതെ നോക്കുകയാണ് പ്രധാനം. എന്നാല്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവരില്‍ ചിലര്‍ പുറത്തിറങ്ങുകയും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വീട്ടിലെ മറ്റ് അംഗങ്ങളുമായിപോലും ഇടപഴകാന്‍ പാടില്ലെന്ന നിര്‍ദ്ദേശം നിലവിലിരിക്കെയാണിത്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെയാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഇക്കാര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങി വൈറസ് ബാധയുടെ ലക്ഷണങ്ങളുള്ളവരും വൈറസ് ബാധ സംശയിക്കുന്നവരും നേരിട്ട് ആശുപത്രി ഒപിയില്‍ വന്ന് ഡോക്ടറെ കാണുന്നത് അപകടം ചെയ്യും. അവര്‍ ഫോണ്‍വഴി ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടുകയാണ് വേണ്ടത്. അവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യപ്രവര്‍ത്തകര്‍ സ്വീകരിക്കും.

പരീക്ഷാ വേദികളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കുക, രോഗ ലക്ഷണങ്ങളുള്ളവരെ മാറ്റി ഇരുത്തുക, കൈകഴുകുന്നതിനുള്ള സംവിധാനങ്ങളൊരുക്കുക, കുട്ടികള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ഥികള്‍ വൈറസ് ബാധയെ കുറിച്ച്  ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ഡെപ്യൂട്ടി ഡിഎംഒയും ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ ഡോ. ബി സന്തോഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, പ്രസ് ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ്, വിവിധ മാധ്യമ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.