പത്തനംതിട്ട: കോവിഡ് 19 പ്രതിരോധത്തിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, ആശ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുടെയും പങ്കാളിത്തത്തോടെ കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തുമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടൂര്‍ നിയോജകമണ്ഡലം അവലോകനയോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടൂര്‍ മണ്ഡലത്തില്‍ ഒന്‍പതു പഞ്ചായത്തുകളിലായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 629 നിരീക്ഷണത്തിലുണ്ട്. ഇവര്‍ 14 ദിവസം നിരീക്ഷണത്തില്‍ തുടരണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ഈ പഞ്ചായത്തുകളില്‍ പ്രത്യേകയോഗം ചേരുന്നുണ്ട്. അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടത്ത് ശുചീകരണം നടത്താനും ബോധവല്‍ക്കരണം സംഘടിപ്പിക്കാനും തീരുമാനിച്ചു.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് ഉറപ്പുവരുത്താന്‍ പഞ്ചായത്ത്കമ്മറ്റി ചേര്‍ന്ന് ഓരോ വാര്‍ഡിലും ആവശ്യമായ വാളണ്ടിയര്‍ ഗ്രൂപ്പിനെ നിശ്ചയിക്കാന്‍ തീരുമാനിച്ചു. ആശ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ആരോഗ്യവകുപ്പു ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെടെ ഗ്രൂപ്പിലുണ്ടാകും. ഇവര്‍ വീടുകളില്‍ കഴിയുന്നവരെ നിരീക്ഷിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.
നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ സഹായികളെ ആവശ്യമായവര്‍ക്ക് ഗ്രാമപഞ്ചായത്ത് സഹായികളെ എത്തിക്കും. നിരീക്ഷണത്തിലിരിക്കുന്നവര്‍ക്ക് ഭക്ഷണകിറ്റ് എത്തിച്ചു കൊടുക്കുന്നതിന് ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി അടൂര്‍, പന്തളം ഡിപ്പോകളില്‍ കൊറോണയുമായി ബന്ധപ്പെട്ട് അനൗണ്‍സ്‌മെറ്റ് നടത്തുന്നതിനും ആവശ്യമായ ഹെല്‍പ്പ്‌ഡെസ്‌ക്ക് സ്ഥാപിക്കുന്നതിനും സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വോളന്റിയര്‍മാരെ നിയമിക്കുന്നതിനും തീരുമാനമായി.
അടൂര്‍ ആര്‍.ഡി.ഒ ഓഫീസില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യവകുപ്പ്  ജീവനക്കാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിധികള്‍, സാമൂഹ്യ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.