കോവിഡ്19 സംബന്ധിച്ച ആധികാരിക വിവരങ്ങളറിയിക്കാൻ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് തയാറാക്കിയ ‘ജി.ഒ.കെ ഡയറക്ട്’  (GOK Direct) മൊബൈൽ ആപ്പിലേക്ക് ഒറ്റദിവസമെത്തിയത് നാലുലക്ഷം മിസ്ഡ് കോളുകൾ.
സ്മാർട്ട് ഫോൺ കൈയിലില്ലാത്തവർക്കുപോലും ഔദ്യോഗിക അറിയിപ്പുകൾ ലഭ്യമാക്കാനാണ് ‘ജി.ഒ.കെ ഡയറക്ട്’ ആപ്പിൽ 8302201133 എന്ന നമ്പരിലേക്ക് മിസ്ഡ് കോൾ സൗകര്യം ഏർപ്പെടുത്തിയത്.

മിഡ്സ് കോൾ ചെയ്ത് ആപ്പിൽ നമ്പർ രജിസ്റ്റർ ചെയ്താൽ ഇൻറർനെറ്റ് കണക്ഷനില്ലെങ്കിലും എസ്.എം.എസ് ആയി സുപ്രധാന അറിയിപ്പുകൾ ലഭ്യമാകും. ഈ സൗകര്യം ലഭ്യമാക്കാൻ ഇതിനകം രജിസ്റ്റർ ചെയ്തവരുടെ എണ്ണമാണ് നാലുലക്ഷം കവിഞ്ഞത്.
ഇതിനുപുറമേ, ആപ്പ് ഇൻസ്റ്റാൾ ചെയ്തവർക്ക് അപ്പപ്പോൾ വിവരങ്ങളും ആധികാരിക വാർത്തകളും ആപ്പിലൂടെ വിവിധ ഭാഷകളിൽ ലഭ്യമാക്കുന്നുണ്ട്.

മാർച്ച് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ആപ്പ് ഇതിനകം മൂന്നരലക്ഷം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ, യാത്ര ചെയ്യുന്നവർ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് ആവശ്യമായ വിവരം മൊബൈൽ ആപ്പിൽ ലഭിക്കും.   കൂടാതെ പൊതുഅറിയിപ്പുകളുമുണ്ടാവും. ഇതിനായി പ്രത്യേക വിഭാഗങ്ങൾ ആപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്‌ക്രീനിനു താഴെ ആരോഗ്യവകുപ്പിന്റെ ദിശയുടെ ഫോൺ നമ്പർ നൽകിയിട്ടുണ്ട്. ഇതിൽ നിന്ന് നേരിട്ട് വിളിക്കാനുമാവും.