കണ്ണൂർ: വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ ജില്ലയിലെത്തുന്ന സാഹചര്യത്തില്‍ കൊറോണ ബാധ സംശയിക്കുന്നവരെ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കി. റെയില്‍വേ സ്‌റ്റേഷനുകള്‍, അതിര്‍ത്തി പ്രദേശമായ കൂട്ടുപുഴ, ബസ് സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ പ്രധാന കവാടം, ടിക്കറ്റ് കൗണ്ടര്‍, കിഴക്കേ കവാടം എന്നിവിടങ്ങളിലാണ് സംഘമായി പരിശോധന നടത്തുന്നത്. രണ്ട് ഡോക്ടര്‍മാരും റവന്യു ഉദ്യോഗസ്ഥരും പോലീസും വളണ്ടിയര്‍മാരും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂര്‍ പരിശോധനയാണ് ആരോഗ്യവകുപ്പ് ഉറപ്പാക്കുന്നത്. ഇതര സംസ്ഥാനക്കാര്‍, കുട്ടികള്‍, വയോധികര്‍ എന്നിവരെയാണ് പ്രധാനമായും നിരീക്ഷിക്കുന്നത്.

യാത്ര കഴിഞ്ഞെത്തുന്നവരിലാണ് പരിശോധന. പേര്, ഫോണ്‍ നമ്പര്‍, യാത്ര പുറപ്പെട്ട സ്ഥലം, സമയം, തീയ്യതി, സന്ദര്‍ശിച്ച സ്ഥലങ്ങള്‍, രോഗ ലക്ഷണങ്ങള്‍, തിരിച്ചറിയല്‍ കാര്‍ഡ്, എന്നിവയാണ് യാത്രക്കാരില്‍ നിന്ന് ചോദിച്ചറിയുന്നത്. പനി ഉള്ളവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മറ്റ് രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവരോട് വീടുകളില്‍ ഐസൊലേഷനുകളില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുകയുമാണ്. പനി പരിശോധിക്കുന്നതിനായി വരും ദിവസങ്ങളില്‍ തെര്‍മല്‍ സ്‌കാനറും പരിശോധനയില്‍ ഉള്‍പ്പെടുത്തും. പ്രത്യേക പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി, ശ്രീകണ്ഠാപുരം എന്നീ നാല് കേന്ദ്രങ്ങളില്‍ നിന്നായി 240 വളണ്ടിയര്‍മാര്‍ക്ക് ഇതിനായി പരിശീലനം നല്‍കി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു പുറമെ തലശ്ശേരി, പയ്യന്നൂര്‍, പഴയങ്ങാടി, കണ്ണപുരം എന്നീ സ്റ്റേഷനുകളിലും പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിര്‍ത്തി സംസ്ഥാനങ്ങളിലും കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കേരള- കര്‍ണാടക അതിര്‍ത്തി പ്രദേശമായ കൂട്ടുപുഴ ചെക്‌പോസ്റ്റിലും പരിശോധന ശക്തമാക്കി. റോഡുമാര്‍ഗം എത്തിച്ചേരുന്ന ആളുകളുടെ ആരോഗ്യസ്ഥിതി ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം വിലയിരുത്തും. മൂന്ന് ഷിഫ്റ്റുകളായാണ് പരിശോധന. ആരോഗ്യവകുപ്പ്, പോലീസ്, എക്‌സൈസ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ബസ് സ്റ്റാന്റുകളില്‍ യാത്രക്കാരെ ബോധവല്‍ക്കരണം നടത്തുന്നതിന് ഐ ഇ സി ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്.