കോവിഡ് 19 രോഗപ്രതിരോധത്തിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയും പൊതുജനങ്ങളുടെ ആശങ്കയകറ്റാനായി മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍. സാമൂഹികമായി അകലം പാലിച്ചുകൊണ്ടുതന്നെ സമൂഹത്തിന്റെ ഭാഗമാവാനുള്ള തിരിച്ചറിവാണ് പ്രധാനം. അതിനായുള്ള ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

കോവിഡ് 19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും ലഭ്യമാക്കുന്ന മൊബൈല്‍ അപ്ലിക്കേഷനാണ് ഇതില്‍ ശ്രദ്ധേയം. സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് ജി ഒ കെ ഡയറക്ട് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.

കോവിഡ് 19 മായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കുള്ള ഉത്തരമാണ് ഇ അപ്ലിക്കേഷന്‍. സംസ്ഥാനത്ത് വൈറസ് ബാധയേറ്റ വരുടെയും നിരീക്ഷണത്തില്‍ ഉള്ളവരുടെയും കണക്കുകകള്‍, പുതിയ വിവരങ്ങള്‍ എന്നിവയ്ക്കു പുറമെ ,നിരീക്ഷണത്തില്‍ ഉള്ളവര്‍ എന്തു ചെയ്യണം, സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ, യാത്രക്കാരുടെ അറിവിലേക്കുള്ള കാര്യങ്ങള്‍ എന്നിവ ആപ്പില്‍ ലഭിക്കും. മലയാളം,ഹിന്ദി, ബംഗാളി, തമിഴ് ഭാഷകളിലും വിവരങ്ങള്‍ ലഭിക്കും. കൂടാതെ ദിശനമ്പറായ 1056 ല്‍ ബന്ധപ്പെടാനും സാധിക്കും .

8302 201 133 എന്ന നമ്പറിലേയ്ക്ക് മിസ്ഡ് കോള്‍ അടിച്ച് ഐ. പി. ആര്‍. ഡിയുടെ എസ്എംഎസ് അലേര്‍ട്ട് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനു ശേഷം ഈ സര്‍വീസില്‍ നിന്നും രോഗവുമായി ബന്ധപ്പെട്ട വിവരങ്ങളും അപ്‌ഡേറ്റുകളും എസ് എം എസ് ആയി ലഭിക്കുകയും ചെയ്യും. ആധികാരികമായ വിവരങ്ങള്‍ ലഭിക്കാനും, വ്യാജ വാര്‍ത്തകളാല്‍ തെറ്റിദ്ധരിക്കപ്പെടാതിരിക്കാനും ഈസൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

ജിഒകെ മൊബൈല്‍ ആപ്പിനെ കുറിച്ച് കൂടുതലറിയാനും ഡൗണ്‍ലോട് ചെയ്യാനുമായി കണ്ണൂര്‍, തലശേരി റെയില്‍വെ സ്റ്റേഷനുകളിലും, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്റ്റാന്‍ഡികള്‍ സ്ഥാപിച്ചു കഴിഞ്ഞു. ക്യൂ ആര്‍ കോഡ് വഴി ഇത് ഡൗണ്‍ലോട് ചെയ്യാം.

കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍  ആരോഗ്യ വകുപ്പ് ആരംഭിച്ച ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനും നല്ല പ്രതികരണം സൃഷ്ടിച്ചിട്ടുണ്ട്.  ഫലപ്രദമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ്  ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ലക്ഷ്യം.

സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇതിന്റെ ഭാഗമായുള്ള ക്യാമ്പയിനുകള്‍ നടന്നുവരികയാണ്.  സ്ഥാപനത്തിലേക്ക്  പ്രവേശിക്കുന്നതിനുമുമ്പ് ജീവനക്കാരും പൊതുജനങ്ങളും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനോ  ഹാന്‍ഡ് വാഷ് ,സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ ഉള്ള സൗകര്യം ഒരുക്കുകയും ഇവ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് ബ്രേക്ക് ദ ചെയിന്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ബഹുജന ക്യാമ്പയിനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.സാമൂഹ്യ മാധ്യമങ്ങള്‍ വഴി ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ജില്ലയില്‍ ആരോഗ്യ വകുപ്പും ലേബര്‍ ഓഫീസും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്ന് മികച്ച രീതിയിലാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ബോധവത്കരണം ശക്തമാക്കുന്നത്.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഹിന്ദി, ബംഗാളി, കന്നട, തമിഴ് തുടങ്ങിയ ഭാഷകളില്‍ ക്ലാസുകള്‍ നല്‍കുന്നുണ്ട്.ഹിന്ദിയിലുള്ള നോട്ടീസുകളും ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. ആരോഗ്യവകുപ്പിലെ സൂപ്പര്‍വൈസര്‍മാര്‍, ഫീല്‍ഡ് സ്റ്റാഫ്, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട ജാഗ്രത നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്  മലയാളം, ഹിന്ദി, ബംഗാളി, ആസാമീസ് തുടങ്ങിയ ഭാഷകളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ചേര്‍ന്ന് തയ്യാറാക്കിയ വിഡിയോകള്‍ക്ക് ഇതിനകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ലേബര്‍ കോണ്‍ട്രാക്റ്റര്‍മാരിലൂടെ ഈ ഹ്രസ്വചിത്രങ്ങളും ഓഡിയോ, വീഡിയോ സന്ദേശങ്ങളും ലേബര്‍ ഓഫീസ വ്യാപകമായി പ്രചരിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴിലിടങ്ങളിലും, താമസ സ്ഥലങ്ങളിലും ചെറിയ സ്‌ക്വാഡുകളായി ചെന്ന് നിര്‍ദ്ദേശം നല്‍കാനും തുടങ്ങിയിട്ടുണ്ട്.

കൊറോണയുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി മാര്‍ച്ച് 18 മുതല്‍ 22 വരെ ഗൃഹസന്ദര്‍ശനവും നടക്കും.

തദ്ദേശസ്ഥാപന പ്രതിനിധി, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍ എന്നിവരടങ്ങുന്ന സംഘം വാര്‍ഡ്തലത്തില്‍ വീടുകളില്‍ കാംപയിന്‍ നടത്തും. ഇതിനു മുന്നോടിയായി  തദ്ദേശസ്ഥാപന തലത്തില്‍ പ്രത്യേകം യോഗങ്ങള്‍ ചേര്‍ന്ന് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. വൈറസ് വ്യാപനം ചെറുക്കാന്‍ ജില്ലാ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ തൂവാല വിപ്ലവം ശ്രദ്ധേയമായി.

തലശ്ശേരി അതിരൂപതയുടെ കീഴിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്ന സംഘടനയുമായി ചേര്‍ന്നാണ് ജില്ലാ ചൈല്‍ഡ് ലൈന്‍ ജനങ്ങള്‍ക്ക് സൗജന്യമായി തൂവാലകള്‍ വിതരണം ചെയ്യുന്നത്. രോഗ പ്രതിരോധത്തിന്റെ ഭാഗമായുള്ള മുന്‍കരുതലുകളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം.