കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ വഴി ചലനവൈകല്യം നേരിടുന്ന ഭിന്നശേഷിക്കാർക്ക് സൈഡ്‌വീൽ സ്‌കൂട്ടറുകൾ ഷോറുമുകൾ വഴി വിതരണം ചെയ്യും.

മാർച്ച് 31 നകം BS IV  വിഭാഗത്തിലുളള സ്‌കൂട്ടറുകളുടെ സ്ഥിര രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതിനാലാണ് തീരുമാനം. കാസർകോട്, തൃശൂർ, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് സൗകര്യാർത്ഥം ടെണ്ടർ നേടിയ സ്ഥാപനത്തിന്റെ അതാതു ജില്ലകളിലെ ഷോറുമുകൾ വഴി സൈഡ്‌വീൽ സ്‌കൂട്ടറുകൾ വിതരണം ചെയ്യും.

കൂടുതൽ പേർ  ഒരുമിച്ച് വരുന്നത് ഒഴിവാക്കാൻ ഓരോരുത്തർക്ക് പ്രത്യേക സമയം നിശ്ചയിച്ച് വാഹനം നൽകും. വാഹനം ഏറ്റുവാങ്ങാൻ എത്തേണ്ട സമയം ഫോൺ മുഖേന അറിയിക്കും. നിശ്ചയിച്ച സമയത്തുമാത്രമേ എത്താവൂ. വാഹനം ലഭിച്ചു തൊട്ടടുത്ത ദിവസം തന്നെ അവരവരുടെ ആർ.ടി. ഓഫീസിൽ വാഹനവും ബന്ധപ്പെട്ട രേഖകളും ഹാജരാക്കി പെർമനന്റ് രജിസ്‌ട്രേഷൻ എടുക്കണം.