കോവിഡ്- 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് മത- സാമുദായിക നേതാക്കള്‍ പൂര്‍ണമായി സഹകരിക്കണമെന്ന് കലക്ടറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത സാമുദായിക സംഘടനാ നേതാക്കളുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു അഭ്യര്‍ഥിച്ചു. കൊറോണ പ്രതിരോധത്തിന് സര്‍ക്കാറും ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നിരവധി നടപടികളാണ് കൈക്കൊണ്ടു വരുന്നത്. അതുമായി സഹകരിച്ചില്ലെങ്കില്‍ ഇറ്റലി, സൗത്ത് കൊറിയ, ഇറാന്‍ പോലുള്ള രാജ്യങ്ങളില്‍ സംഭവിച്ചതു പോലെ കാര്യങ്ങള്‍ കൈവിട്ടുപോകും.
പൊതുപരിപാടികളും ആഘോഷങ്ങളും ഉള്‍പ്പെടെ ആളുകള്‍ കൂടിച്ചേരുന്ന എല്ലാ പരിപാടികളും ഒഴിവാക്കണം. ആരോധനാലയങ്ങളില്‍ ഉള്‍പ്പെടെ ആളുകള്‍ അനിയന്ത്രിതമായി കൂടിച്ചേരുന്ന സാഹചര്യം ഉണ്ടാവരുത്. മതപരമായ അനിവാര്യ ചടങ്ങുകള്‍ അഞ്ച്/ പത്ത് പേരില്‍ പരിമിതപ്പെടുത്താന്‍ ശ്രദ്ധിക്കണം. ഇവരും നിശ്ചിത അകലം പാലിച്ചും മുന്‍കരുതല്‍ സ്വീകരിച്ചുമാണ് ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാറും ജില്ലാ ഭരണകൂടവും എടുക്കുന്ന എല്ലാ നടപടികള്‍ക്കും നേതാക്കള്‍പൂര്‍ണ പിന്തുണ ഉറപ്പു നല്‍കി. വിവിധ മത- സാമുദായിക സംഘടനാ നേതാക്കള്‍, എ.ഡി.എം റോഷ്‌നി നാരായണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് മുഖ്യമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫ്രന്‍സിലും നേതാക്കള്‍ പങ്കെടുത്തു.