വയനാട്: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ആയിരങ്ങള്‍ പങ്കെടുക്കുന്ന വയനാടിന്റെ ദേശീയ ഉത്സവമായ വള്ളിയൂര്‍ക്കാവ് ആറാട്ടുത്സവം ചടങ്ങുകള്‍ മാത്രമായി നിജപ്പെടുത്താന്‍ തീരുമാനിച്ച ക്ഷേത്ര ഭരണസമിതിക്കും ആഘോഷകമ്മിറ്റിക്കും മുഖ്യമന്ത്രിയുടെ അഭിനന്ദനം. കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി സമുദായിക സംഘടനകളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് മുഖമന്ത്രി ഭരണസമിതിയെ അഭിനന്ദിച്ചത്.

വര്‍ഷങ്ങളായി മുടക്കമില്ലാതെ നടന്നുവരുന്നതാണ് വള്ളിയൂര്‍ക്കാവ് മഹോത്സവം. സംസ്ഥാനത്തിന് തന്നെ മാതൃകാപരമാണ് ഈ നടപടി. ഇതിനെ കൈയ്യടിച്ച് അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലകളില്‍ നിന്നുമുള്ള മതസാമുദായിക പ്രതിനിധികള്‍ പങ്കെടുത്ത കോണ്‍ഫറന്‍സിലാണ് പ്രത്യേക അഭിനന്ദനം ലഭിച്ചത്.

ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് ഉത്സവം ആലോഷങ്ങളില്ലാതെ നടത്താന്‍ തീരുമാനിച്ചത്. പതിനാല് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തില്‍ കബനി നദിക്കര ജനലക്ഷങ്ങളാല്‍ തിങ്ങിനിറയും. ജാതി മത ഭേദമന്യേ ഏവരും പങ്കെടുക്കുന്ന ഉത്സവമാണ് വള്ളിയൂര്‍ക്കാവിലേത്. ഗോത്രജനതയും ഏറ്റവും കൂടുതല്‍ ഒത്തുകൂടുന്നതാണ് ഈ സാംസ്‌കാരിക ഭൂമിക. മീനം ഒന്നു മുതല്‍ 15 വരെ നടക്കുന്ന ഉത്സവത്തിന്റെ ഏഴാം നാളിലാണ് വള്ളിയൂര്‍ക്കാവിലെ കൊടിയേറ്റ്.

പണിയസമുദായത്തിലെ ആദിവാസി മൂപ്പന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന നീളമുള്ള മുളയാണ് കൊടിമരത്തിനായി ഉപയോഗിക്കുക. മീനം 14 ന് ജില്ലയിലെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും പണിയസമുദായക്കാര്‍ കൂട്ടമായി കാവിലെത്തി പുല്‍പ്പായ വാങ്ങി പാട്ടുപുരയുടെ സമീപത്ത് വിരിവെച്ച് ചുറ്റുമിരുന്ന് വെറ്റില മുറുക്കി, അടിയറ വരവും മേളവും ആഘോഷവും കണ്ട് പിറ്റേന്ന് മാത്രമേ ഊരുകളിലേക്ക് തിരിച്ചു പോകുകയുള്ളൂ. ഇതിനു പുറമെ മറ്റ് വിഭാഗത്തിലുള്ള ആളുകളും എത്തും. നാടിന്റെ നാനവഴികളും ആറാട്ടുത്സവത്തിന് വള്ളിയൂര്‍ക്കാവ് സന്നിധിയില്‍ എത്തിച്ചേരും.

മറ്റു ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ഉത്സവത്തിന് നിരവധിയാളുകള്‍ എത്താറുണ്ട്. ഉത്സവ ചന്ത, എക്‌സിബിഷന്‍ ട്രേഡ് ഫെയര്‍, മേളങ്ങള്‍, താലപ്പൊലികള്‍, 27 നേരമുള്ള സമൂഹ അന്നദാനം, ആന എഴുന്നള്ളത്ത്, സ്റ്റേജ് പരിപാടികള്‍, അടിയറവരവുകള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് ഇത്തവണ ഉത്സവം പേരിന് ചടങ്ങുകള്‍ മാത്രമാക്കി നടത്തുക.