തൃശ്ശൂർ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 3698 പേരാണ് നിരീക്ഷണത്തിൽ ഉളളത്. വീടുകളിൽ 3669 പേരും ആശുപത്രികളിൽ 29 പേരും നിരീക്ഷണത്തിലുണ്ട്. വെളളിയാഴ്ച (മാർച്ച് 20) ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പത്ത് പേരെ ഡിസ്ചാർജ്ജ് ചെയ്തു. 21 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 377 സാമ്പിളുകളാണ് ഇതു വരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 349 എണ്ണത്തിന്റെ ഫലം വന്നു. 28 പേരുടെ പരിശോധന ഫലം ഇനിയും കിട്ടാനുണ്ട്. ഒടുവിൽ ലഭിച്ച 33 പരിശോധന ഫലവും നെഗറ്റീവാണ്.

നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുളള കൗൺസലിങ്ങ് തുടരുന്നുണ്ട്. 113 പേർക്ക് ഫോണിലൂടെ കൗൺസലിങ്ങ് നൽകി. നാട്ടുകാർ ഒറ്റപ്പെടുത്തുന്ന എന്ന പരാതി ചിലർ ഉന്നയിച്ചു. സമൂഹത്തിനുവേണ്ടിയാണ് ഇവർ നിരീക്ഷണത്തിൽ കഴിയുന്നതെന്നും ഒറ്റപ്പെടുത്തുന്ന പ്രവണത ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ചതുൾപ്പെടെയുളള 25 കേസുകളിലായി 30 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

മരണവീടുകളിൽ സന്ദർശനം നടത്തുന്നവരുടെ എണ്ണം കുറയ്ക്കാൻ ജനപ്രതിനിധികളുടെ സഹകരണത്തോടെ പ്രാദേശികമായി ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്‌ക്രീനിങ്ങനെ തുടർന്ന് വീടുകളിൽ കഴിയണമെന്ന നിർദ്ദേശത്തോടെ ജില്ലയിലെ പത്ത് പേരെ അവരവരുടെ വീടുകളിൽ എത്തിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് നടത്തുന്ന ഗൃഹ സന്ദർശനം തുടരുകയാണ്. സ്വയരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കുത്താംമ്പുളളി ഭാഗത്തെ നെയ്ത്ത്ശാലകളിൽ ചിലത് അടച്ചിടാൻ തീരുമാനമെടുത്തിട്ടുണ്ട്.

കോവിഡ് 19: സാമൂഹവ്യാപനം തടയാൻ
തയ്യാറെടുപ്പ് ഊർജ്ജിതമെന്ന് മന്ത്രി എ സി മൊയ്തീൻ

കോവിഡ് 19 ന്റെ സാമൂഹവ്യാപനം തടയുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിച്ചു വരികയാണെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീൻ, ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ എന്നിവർ കളക്ടറേറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ – സ്വകാര്യ ആശുപത്രികളിലായി ഇരുനൂറോളം ഐസോലേഷൻ ബഡ്ഡുകൾ ഇതിനകം ഒരുക്കിയിട്ടുണ്ട്.

സമൂഹവ്യാപനം ഉണ്ടാവുകയാണെങ്കിൽ അത്തരം സാഹചര്യത്തെ നേരിടുന്നതിന് പിഡബ്ല്യൂഡി റസ്റ്റ് ഹൗസുകൾ, ഓഡിറ്റോറിയങ്ങൾ, കോളേജുകൾ തുടങ്ങിയ കേന്ദ്രങ്ങളിലായി 2500 ഓളം ഐസോലേഷൻ വാർഡുകൾ ഒരുക്കുന്നതിന് തയ്യാറെടുപ്പ് ആരംഭിച്ചു. ഗൃഹ സന്ദർശനം നടത്തുന്നവരുൾപ്പെടെയുളള ആരോഗ്യപ്രവർത്തകർക്ക് മാസ്‌കുകൾ കിട്ടാനില്ലെന്ന പ്രശ്‌നം പരിഹരിക്കും. ഇതിനാവശ്യമായ ക്രമീകരണം ജില്ലയിൽ തന്നെ ഏർപ്പെടുത്തും.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ച് നൽകുന്നതിനും വീട്ടുമൃഗങ്ങളെ പരിപാലിക്കുന്നതിനുമുളള ക്രമീകരണം തദ്ദേശസ്ഥാപനങ്ങൾ ഏർപ്പെടുത്തും. പ്രതിരോധ സംവിധാനം വിപുലപ്പെടുത്തുന്നതിന് സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങൾ ആരംഭിച്ച രജിസ്‌ട്രേഷൻ കൗണ്ടറുകളിൽ സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാം. ഇതിനായി യുവജനസംഘടനകളുടെ യോഗവും വിളിക്കും.

ഓട്ടോറിക്ഷാ, ടാക്‌സി തൊഴിലാളികൾക്ക് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിന് പരിശീലനം നൽകും. അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നാടുവിടുന്ന സ്ഥിതി ഒഴിവാക്കാൻ കെട്ടിടനിർമ്മാതാക്കൾ, കരാറുകാർ എന്നിവരുടെ യോഗം വിളിക്കും. അതിഥി തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ സുരക്ഷിത്വം ഉറപ്പു വരുത്തും. ജില്ലയിൽ ഇതു വരെ 479 പേരെ ഐസോലേഷനിൽ നിന്ന് വിടുതൽ ചെയ്തതായി മന്ത്രി അറിയിച്ചു.

വ്യാജവാർത്ത പ്രചരിപ്പിച്ചത് ഉൾപ്പെടെയുളള 15 കേസുകളിലായി 30 പേരെ അറസ്റ്റ് ചെയ്തു. ജില്ലയിൽ എത്തിയ ബ്രിട്ടീഷ് സ്വദേശികളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം ദിവസവം മുഴുവനും ഉറപ്പാക്കും. ഇതിന് നിലവിലുളള ഡോക്ടർമാരുടെ സേവനത്തിന് പുറമേ സന്നദ്ധ പ്രവർത്തകാരായ ഡോക്ടർമാരെയും ഉപയോഗിക്കും.

ഇതിനകം 80 ഓളം ഡോക്ടർമാർ സൗജന്യ സേവനത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിൽ സിനിമ വിനോദനികുതി അടയ്ക്കാനും വ്യാപാര ലൈസൻസ് പുതുക്കാനുമുളള സമയപരിധി ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്. എല്ലാത്തരം റവന്യൂ റിക്കവറി നടപടികളും നിർത്തിവച്ചു.

വൈദ്യുതി ബന്ധം വിച്ഛേദിക്കരുതെന്ന് കെഎസ്ഇബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയുടെ ചില കേന്ദ്രങ്ങളിൽ ഡങ്കുപ്പനി, ചിക്കൻപോക്‌സ് എന്നിവ പടരുന്നതായി റിപ്പോർട്ടുണ്ട്. ഇത് തടയുന്നതിന് നടപടികൾ സ്വീകരിക്കും. കൊതുകു നശീകരണത്തിന് തദ്ദേശസ്ഥാപനങ്ങൾ മുൻകൈ എടുക്കും. മുസ്ലീം പളളികളിലെ വെളളിയാഴ്ച നമസ്‌ക്കാരത്തിന് ആൾകൂട്ടം കുറയ്ക്കാൻ സന്നദ്ധരായ സമുദായ നേതാക്കളോട് മന്ത്രി നന്ദി രേഖപ്പെടുത്തി.

കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തോട് അനുബന്ധിച്ചുളള കോഴിക്കല്ല് മൂടൽ ചടങ്ങിന് പതിവിന് വിപരീതമായി കുറച്ച് മാത്രമാണ് എത്തിയത്. ഇത്തരം സാമൂഹിക ജാഗ്രത എല്ലാവരും പ്രകടിപ്പിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
ജില്ലാ കളക്ടർ എസ് ഷാനവാസ്, ഡിഎംഒ ഡോ. കെ ജെ റീന, ഡെപ്യൂട്ടി ഡിഎംഒ ഡോ. സതീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.