കണ്ണൂർ: കൊറോണ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ അനാവശ്യമായി വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വ്യക്തമാക്കി. അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടാകുമെന്ന ധാരണ തെറ്റാണ്. ആവശ്യമുള്ള സാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം, കൊറോണ ഭീതിയുടെ മറവില്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ സാധനങ്ങള്‍ പൂഴ്ത്തിവച്ച് കൃത്രിമക്ഷാമമുണ്ടാക്കുകയും അമിത വില ഈടാക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
വ്യാപാര സ്ഥാപനങ്ങള്‍ വലിയ ഓഫറുകള്‍ നല്‍കുന്നത് ആളുകള്‍ തടിച്ചുകൂടുന്ന സ്ഥിതിയുണ്ടാക്കുന്നതായും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗം വിലയിരുത്തി. വ്യാപര സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ആളുകള്‍ അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം. ബ്രേക്ക് ദി ചെയിന്‍ കാംപയിന്റെ ഭാഗമായുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. 
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്‌സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ ഡോ. നാരായണ നായ്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.