ജില്ലയില്‍ ഇന്ന് ( മാര്‍ച്ച് 22 ന്) പുതുതായി അഞ്ച് പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. അഞ്ച് പേരും ദുബായില്‍ നിന്നും വന്നവരാണ്. 58, 27 ,32 ,41 ,33 വയസ്സുള്ള പുരുഷന്മാര്‍ക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ നെല്ലിക്കുന്ന്, വിദ്യാനഗര്‍, ചന്ദ്രഗിരി, മരക്കാപ്പ് കടപ്പുറം, ചെങ്കള എന്നീ പ്രദേശങ്ങളില്‍ നിന്നും ഉള്ളവരാണ്. കോവിഡ് 19ന്റെ വ്യാപനവുമായി ബന്ധപ്പെട്ട്  ജില്ലയില്‍ 762 പേരാണ് നിലവില്‍  നിരീക്ഷണത്തിലുള്ളത് . ഇതില്‍ 41 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.
കൂടുതല്‍ ആശുപത്രികളില്‍ ഐസോലേഷന്‍ സംവിധാനം ഒരുങ്ങി 
കോവിഡ് 19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിയിലെ ഐസോലേഷന്‍ സംവിധാനം വിപുലപ്പെടുത്തി. ഇതിന് പുറമെ കെയര്‍വെല്‍ ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലും ഐസോലേഷന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
 
ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം
 
കോവിഡ് 19 ദിവസവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഇന്‍ ചാര്‍ജ്  എ.വി.രാംദാസ് അറിയിച്ചു. വിദേശത്തുനിന്നും വന്നവരും അവരുമായി അടുത്തിടപഴകിയ വരും നിര്‍ബന്ധമായും  വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയും  കൊറോണ കണ്‍ട്രോള്‍  സെല്ലുമായി ബന്ധപ്പെടുകയും ചെയ്യണം. കൊറോണ വൈറസ് സാമൂഹിക വ്യാപനം  തടയുന്നതിനായി പൊതുജനസമ്പര്‍ക്കം ഒഴിവാക്കണം.
 
പുതൂതായി അഞ്ച് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ കൂടി സജ്ജമായി
കാസര്‍കോട് ജില്ലയില്‍ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫോണിലേക്ക് അടിയന്തര പ്രാധാന്യമില്ലാത്ത ഫോണ്‍ കോളുകള്‍ വര്‍ധിച്ചുവരികയാണ്. അടിയന്തര പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇതിനാല്‍ കാലതാമസം നേരിടുകയാണ്. ആയതിനാല്‍ കൊറോണ കണ്‍ട്രോള്‍ സെല്ലിലെ.9946000493,
9946000293  എന്നീ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ക്കു പുറമേ കൊറോണ സംബന്ധിച്ച സംശയങ്ങള്‍ ദുരീകരിക്കാനും വിവരങ്ങള്‍ കൈമാറുന്നതിനും പുതിയതായി അഞ്ച്  ഹെല്‍പ് ലൈന്‍ നമ്പറുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന വിധം സജ്ജമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് സംബന്ധമായ എല്ലാ സഹായങ്ങള്‍ക്കും ഹെല്‍പ്പ് ഡെസ്‌ക് ഉപയോഗിക്കേണ്ടതാണ്. രോഗബാധ സംശയിക്കുന്നവര്‍ നേരിട്ട് ആശുപത്രികളില്‍ സമീപിക്കാതെ സഹായ കേന്ദ്രത്തില്‍ വിളിച്ചു ഉപദേശങ്ങള്‍ സ്വീകരിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്
0467 2209901,04672209902,04672209903,04672209904, 04672209906 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ഇവിടെ നിന്നും ലഭിച്ച മറുപടിയില്‍ തൃപ്തികരമല്ലെങ്കില്‍ മാത്രം ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫോണില്‍ വിളിക്കണ മെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അഭ്യര്‍ത്ഥിച്ചു. എല്ലാവരും ഇതുമായി സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.