കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ സാംക്രമിക രോഗ നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.

മത ചടങ്ങുകള്‍, സാംസ്‌കാരിക പരിപാടികള്‍, കായിക മേളകള്‍, മത്സരങ്ങള്‍ തുടങ്ങിയവയും പൊതു സ്ഥലങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍, തിയേറ്ററുകള്‍ എന്നിവിടങ്ങളിലെ ആള്‍ക്കൂട്ടങ്ങളും നിരോധിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര ശാലകളില്‍ കൂടുതല്‍ ആളുകള്‍ വരുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കണം. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ചടങ്ങുകളും സമ്മേളനങ്ങളും കായിക മത്സരങ്ങളും നടത്തുന്നതിനെതിരെ പോലീസ് ജാഗ്രത പുലര്‍ത്തുകയും നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കുകയും വേണം.

ലോകം മുഴുവന്‍ ഭീതി വിതയ്ക്കുന്ന വൈറസ് ബാധയ്‌ക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. നാടിന്റെ സുരക്ഷയ്ക്കുവേണ്ടി സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണം-കളക്ടര്‍ നിര്‍ദേശിച്ചു.