വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവര്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്തണം: ജില്ലാ കലക്ടര്‍ 

മലപ്പുറം:സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തവരില്‍ കൂടുതല്‍ പേരും ദുബായിയില്‍ നിന്നുള്ളവരായ സാഹചര്യത്തില്‍ അവിടെ നിന്ന് ജില്ലയിലെത്തുന്നവര്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. പൊതു സമ്പര്‍ക്കം ഒഴിവാക്കി വീടുകളില്‍ സ്വയം നിരീക്ഷണം ഉറപ്പാക്കാന്‍ ജാഗ്രത വേണം. സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഒരു കാരണവശാലും ആരോഗ്യ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ചികിത്സ തേടരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലിലെ 0483 2737858, 2737857, 2733251, 2733252, 2733253 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ പാലിക്കണം. വൈറസ് വ്യാപനം തടയുന്നതിന് പൊതുജന പിന്തുണയും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ സ്വയം നിരീക്ഷണത്തിന് സൗകര്യങ്ങളില്ലെങ്കില്‍ ജില്ലയില്‍ സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കരിപ്പൂര്‍ ഹജ്ജ് ഹൗസ്, കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍ നാഷണല്‍ ഹോസ്റ്റല്‍, നിലമ്പൂരിലെ എം.എസ്.പി ക്യാമ്പ്, മലപ്പുറം ശിക്ഷക് സദന്‍, കോട്ടക്കല്‍ അധ്യാപക സദന്‍, കരിപ്പൂരിലെ സ്വകാര്യ ഹോട്ടല്‍ എന്നീ അഞ്ചു കേന്ദ്രങ്ങളിലാണ് കോവിഡ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്

കോവിഡ് 19: മലപ്പുറം ജില്ലയില്‍ പൊലീസ് അഞ്ചു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കോവിഡ് 19 ആശങ്കയേറ്റുമ്പോള്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ അഞ്ചു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. ഇതോടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 29 ആയി. നിരീക്ഷണത്തിലിരിക്കെ, പൊതു സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കെതിരെയാണ് കേസുകള്‍.
നിര്‍ബന്ധിത നിരീക്ഷണ നിര്‍ദേശം ലംഘിച്ച സ്വകാര്യ ടാക്‌സ് പ്രാക്ടീഷണറെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയില്‍ ഐസൊലേഷനിലാക്കി. ഇയാളുടെ ഭാര്യയേയും സ്ഥാപനത്തിലെ ജീവനക്കാരിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാതെ പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തില്‍ ജോലിക്കെത്തിയത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി. നിര്‍ബന്ധിത നിരീക്ഷണം ലംഘിച്ച രണ്ടു പേര്‍ക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തു. ആരോഗ്യ ജാഗ്രതാ നിര്‍ദേശം പാലിക്കാന്‍ ആവശ്യപ്പെട്ട ആശ വര്‍ക്കറെ ആക്രമിച്ച കേസില്‍ പാണ്ടിക്കാട് പൊലീസും മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വര്‍ഗ്ഗീയമായി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് തിരൂര്‍ പൊലീസും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.