കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വിധം അച്ചടി-ദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തുന്നവര്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ബാലാവകാശ സംരക്ഷണ ശില്പശാല വിലയിരുത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശിക ലേഖകര്‍ക്കായി ഒറ്റപ്പാലത്ത് നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്ത നഗരസഭ ചെയര്‍മാന്‍ എന്‍.എം. നാരായണന്‍ നമ്പൂതിരിയും ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകരും പൊതുജനങ്ങളും ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ടു. ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുടെ ഉദ്ദേശ്യം സാമൂഹികമായ ഉന്നതിയായിരിക്കണമെന്നും മനുഷ്യരിലെ മൃഗതൃഷ്ണ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ബാലാവകാശ ലംഘനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍, ഇവ ലംഘിച്ചാല്‍ ബാലനീതി നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം 228 എ, ക്രിമിനല്‍ നടപടി ക്രമം 327 (3), ഇമ്മോറല്‍ ട്രാഫിക് ആക്റ്റ്, യങ് പേഴ്സണ്‍ ഹാംഫുള്‍ പബ്ലിക്കേഷന്‍ ആക്റ്റ് 1956, പ്രസ് കൗണ്‍സില്‍ ആക്റ്റ് എന്നിവ പ്രകാരമുള്ള ശിക്ഷ, കുട്ടികളുമായി അഭിമുഖം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കുട്ടികളുടെ സ്വകാര്യതയും അഭിമാനവും ലംഘിച്ചാല്‍ പോക്സോ നിയമം 2012 ലെ 23 വകുപ്പ് പ്രകാരം ലഭിക്കുന്ന ശിക്ഷ എന്നിവയെക്കുറിച്ച് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.സുബീഷ്, സന്നദ്ധ സംഘടനയെ പ്രതിനിധീകരിച്ച് ആശ്രയം റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി പ്രതിനിധി എ.ജി. ശശികുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി.സുലഭ, ഒറ്റപ്പാലം പ്രസ്‌ക്ലബ് പ്രസിഡന്റ് കെ. ഫിറോസ്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍. അജയഘോഷ് എന്നിവര്‍ സംസാരിച്ചു.
