മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് എല്ലാ കെ.എസ്.ഇ.ബി ജീവനക്കാരും ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി അഭ്യർഥിച്ചു. ലോകത്തെയാകെ ബാധിച്ചിരിക്കുന്ന കോവിഡ്-19 സാഹചര്യത്തിൽ മാതൃകാപരമായി പ്രവർത്തിച്ച കെ.എസ്.ഇ.ബി യിലെ മുഴുവൻ ജീവനക്കാർക്കും ഹൃദയപൂർവം അഭിനന്ദനം അറിയിക്കുന്നതായി മന്ത്രി അറിയിച്ചു.

ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാൻ നമുക്കൊരുമിച്ച് ശ്രമിക്കണം. കഴിഞ്ഞ ദിവസം കാസർഗോഡ് ആശുപത്രികൾ യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജീകരിക്കുന്നതിന് വൈദ്യുതി എത്തിക്കാൻ സാധിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും ഈ സന്ദർഭത്തിൽ ആവശ്യമായ സേവനങ്ങളും കരുതലും നൽകാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ സർക്കാർ സംവിധാനങ്ങളും പ്രസ്ഥാനങ്ങളും സംഘടനകളും നിരന്തരം പ്രയത്നിക്കുകയാണ്.

ഈ സന്ദർഭത്തിൽ അവശ്യ സേവനമായ വൈദ്യുതി എല്ലായിടവും മുടക്കം കൂടാതെ എത്തിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ആശുപത്രികൾ, നിരീക്ഷണത്തിലുള്ളവരുടെ വീടുകൾ, കമ്യൂണിറ്റി കിച്ചണുകൾ, ഐസൊലേഷൻ കേന്ദ്രങ്ങൾ, തുടങ്ങിയവ. ഇതിന് ആവശ്യമായ പ്രവർത്തനങ്ങൾ തുടർച്ചയായി ചെയ്യുന്നതിന് ജീവനക്കാരെ നിയോഗിക്കുകയും എല്ലായിപ്പോഴും എല്ലായിടവും പകരക്കാരെ കരുതുകയും വേണം. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കി ഇക്കാര്യങ്ങളിൽ സർക്കാരിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചാകണം പ്രവർത്തനങ്ങൾ. ഇത്തരത്തിൽ വൈദ്യുതി വിതരണം സംസ്ഥാനമാകെ തടസമില്ലാതെ നടത്തുന്നതിന് എല്ലാ ജീവനക്കാരുടെയും സഹകരണമുണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു.