ആലപ്പുഴ: കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി നടത്തുന്ന ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ക്രോഡീകരിച്ചു നിയമസഭാ സാമാജികരെ അറിയിക്കുന്നതിന് മണ്ഡലാടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ച് ജില്ല കളക്ടര്‍ ഉത്തരവായി.

നിയമസഭാസാമാജികരുടെ നിര്‍ദേശങ്ങള്‍ അതത് സമയം തന്നെ ജില്ലാ ഭരണകൂടത്തെയും ബന്ധപ്പെട്ട വകുപ്പുകളെയും അറിയിച്ചു ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഇത് സഹായകരമാകും. ദുരന്ത നിവാരണനിയമപ്രകാരമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

അരൂര്‍ നിയോജക മണ്ഡലത്തിലെ നോഡല്‍ ഓഫീസറായി തൈക്കാട്ടുശ്ശേരി ബി.ഡി.ഒയെയും ചേര്‍ത്തല നിയോജക മണ്ഡലത്തിലെ നോഡല്‍ ഓഫീസറായി കഞ്ഞിക്കുഴി ബി.ഡി.ഒ യെയും, ആലപ്പുഴ നിയോജക മണ്ഡലത്തിലെ നോഡല്‍ ഓഫീസറായി ആര്യാട് ബി.ഡി.ഒയെയും, അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ നോഡല്‍ ഓഫീസറായി അമ്പലപ്പുഴ ബി.ഡി.ഒ യെയും, കുട്ടനാട് നിയോജക മണ്ഡലത്തിലെ നോഡല്‍ ഓഫീസറായി ചമ്പക്കുളം ബി.ഡി.ഒ യെയും, ഹരിപ്പാട് നിയോജക മണ്ഡലത്തിലെ നോഡല്‍ ഓഫീസറായി ഹരിപ്പാട് ബി.ഡി.ഒ യെയും , കായംകുളം നിയോജക മണ്ഡലത്തിലെ നോഡല്‍ ഓഫീസറായി മുതുകുളം ബി.ഡി.ഒ യെയും, ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ നോഡല്‍ ഓഫീസറായി ചെങ്ങന്നൂര്‍ ബി.ഡി.ഒ യെയും, മാവേലിക്കര നിയോജക മണ്ഡലത്തിലെ നോഡല്‍ ഓഫീസറായി ഭരണിക്കാവ് ബി.ഡി.ഒ യെയും നിയോഗിച്ചിട്ടുണ്ട്.

കമ്മ്യൂണിറ്റി കിച്ചണ്‍, കോവിഡ് കെയര്‍ സെന്ററുകള്‍, അതിഥി തൊഴിലാളികളും അനുബന്ധ വിഷയങ്ങളും, അനാഥാലയങ്ങള്‍- വൃദ്ധ സദനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികളുടെയും ട്രാന്‍സ്ജന്‍ഡേഴ്‌സിന്റെയും ക്ഷേമവും അനുബന്ധ വിഷയങ്ങളും എന്നീ വിഷയങ്ങളിലെ പ്രവര്‍ത്തനറിപ്പോര്‍ട്ട് അതത് ചാര്‍ജ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഈ നോഡല്‍ ഓഫീസര്‍മാര്‍ എംഎല്‍എമാരെ അറിയിക്കണം.

നിലവില്‍ സൗജന്യമായി ഭക്ഷണവും മറ്റും നല്‍കുന്ന സന്നദ്ധ സംഘടനകള്‍ പഞ്ചായത്ത് മുഖേന നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി സേവനങ്ങള്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അതിനാല്‍ സന്നദ്ധ സംഘടനകളുടെ വാഗ്ദാനങ്ങള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കുന്നതിനുള്ള നടപടികള്‍ നോഡല്‍ ഓഫീസര്‍മാര്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നിര്‍വ്വഹിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവില്‍ പറയുന്നു.

അഗതികള്‍, തെരുവില്‍ അലയുന്നവര്‍, നിര്‍ധനര്‍, കോവിഡ് കെയര്‍ സെന്ററിലെ അന്തേവാസികള്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് കമ്മ്യൂണിറ്റി കിച്ചനില്‍ നിന്നും ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.

അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നടത്തി വരുന്ന പദ്ധതികള്‍ എല്ലാ അതിഥി തൊഴിലാളികള്‍ക്കും ലഭ്യമാകുന്നൂവെന്ന് നിയോജകമണ്ഡലടിസ്ഥാനത്തില്‍ ഉറപ്പ് വരുത്തേണ്ടതും വിവരം ജനപ്രതിനിധിയെ അറിയിക്കേണ്ടതുമാണ്.

ഓരോ നിയോജകമണ്ഡലത്തിലേയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലിക്കെത്താന്‍ വാഹന സൗകര്യം ആവശ്യമുണ്ടെങ്കില്‍ അത് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍)-നെ അറിയിച്ച് അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്.

നിയോജക മണ്ഡലത്തില ബാങ്കുകള്‍ മുഖാന്തിരമോ ജില്ലാ/ട്രഷറി/ സബ് ട്രഷറി മുഖാന്തിരമോ ഉള്ള പെന്‍ഷന്‍ വിതരണത്തില്‍ ഏതെങ്കിലും തടസ്സങ്ങളോ പ്രശ്‌നങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ലീഡ് ബാങ്ക് മാനേജരുടേയോ ജില്ല ട്രഷറി ഓഫീസറുടെയോ ശ്രദ്ധയില്‍ കൊണ്ടു വരണം.

നിയോജകമണ്ഡലത്തിലെ റേഷന്‍ വിതരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങളോ/ പ്രശ്‌നങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ടു വരണം.

ഓരോ നിയമസഭാ മണ്ഡലത്തിലേയും മുകളില്‍ പറഞ്ഞിട്ടുള്ള മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ നിയമസഭാ അംഗങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതും സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കേണ്ടതുമാണ്.

നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലവിട്ട് യാത്ര ചെയ്യാന്‍ പാടില്ല. നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാവശ്യമായ ജീവനക്കാരെ അവരവരുടെ കാര്യാലയത്തില്‍ നിന്നും നിയോഗിക്കേണ്ടതാണെന്നും ജില്ല കളക്ടര്‍ എം. അഞ്ജന അറിയിച്ചു