*മൂന്നുപേർ രോഗമുക്തി നേടി
*1,52,804 പേർ നിരീക്ഷണത്തിൽ
കേരളത്തിൽ 13 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ ഒൻപതു പേർ കാസർഗോഡ് ജില്ലയിൽ നിന്നുള്ളവരും രണ്ടു പേർ മലപ്പുറത്ത് നിന്നും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നും ഓരോരുത്തർക്കുമാണ് രോഗം ബാധിച്ചത്.
കാസർഗോഡ് ജില്ലയിലുള്ളവരിൽ ആറു പേർ വിദേശത്ത് നിന്നും വന്നവരും മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. മലപ്പുറം, കൊല്ലം ജില്ലകളിൽ നിന്നുള്ളവർ നിസാമുദ്ദീനിൽ നിന്നും വന്നവരാണ്. പത്തനംതിട്ടയിലുള്ളയാൾ വിദേശത്ത് നിന്നും വന്നതാണ്.
കേരളത്തിൽ 327 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. മൂന്നു പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവിൽ 266 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതുവരെ ആകെ 59 പേർ രോഗമുക്തി നേടി ഡിസ്ചാർജായി. രണ്ട് പേർ മുമ്പ് മരണമടഞ്ഞിരുന്നു.
208 ലോക രാജ്യങ്ങളിൽ കോവിഡ് 19 പടർന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തിൽ രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,52,804 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,52,009 പേർ വീടുകളിലും 795 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
122 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 10,716 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 9,607 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.