ആലപ്പുഴ: കമ്മ്യൂണിറ്റി കിച്ചണ്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് അവശ്യസേവനങ്ങള്‍ക്കും പാസ് അനുവദിക്കുന്നതിനായി covid19jagratha.kerala.nic.in എന്ന ഒരു ഏകീകൃത പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജന അറിയിച്ചു. ഇതുസംബന്ധിച്ച വിശദമായ നിര്‍ദേശങ്ങളുള്‍പ്പെട്ട, ദുരന്തനിവാരണനിയമപ്രകാരമുള്ള ഉത്തരവ് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് നല്കി.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുണ്ടെങ്കില്‍ അവര്‍ അടിയന്തിരമായി പോര്‍ട്ടലില്‍ (www.sannadhasena.kerala.gov.in) രജിസ്റ്റര്‍ ചെയ്യണം. ഇക്കാര്യം തദ്ദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.

ഇത്തരത്തില്‍ സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന വോളന്റിയര്‍പാസുകൾ നൽകുന്നതിനുള്ള നടപടികള്‍ covid19jagratha.kerala.nic.in എന്ന ഏകീകൃത പ്ലാറ്റ് ഫോം സംവിധാനത്തിലൂടെയാണ് നടത്തുക.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഈ പ്ലാറ്റ്ഫോമിലൂടെ സന്നദ്ധസേവകരെ നിയോഗിക്കുന്ന സ്ഥലവും, ജോലിയും രേഖപ്പെടുത്തണം. ഈ വിവരങ്ങൾ പരിശോധിച്ച് സന്നദ്ധസേവകർക്കുള്ള പാസ് ജില്ലാ കളക്ടറേറ്റില്‍ നിന്നും അനുവദിക്കും.

ഓരോ വാര്‍ഡിലേയും കമ്മ്യൂണിറ്റി കിച്ചൺ, റേഷന്‍ വിതരണം, ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം നിരീക്ഷണത്തില്‍ ഇരിക്കുന്ന ആളുകളെ വീടുകളില്‍ സന്ദര്‍ശിക്കുക, ബോധവത്കരണ പ്രവര്‍ത്തനങ്ങൾ എന്നിവയ്ക്ക് വേണ്ട ഏറ്റവും കുറഞ്ഞ സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം ഉണ്ടെന്ന് ഉറപ്പാക്കണമെന്നാണ് തദ്ദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിമാര്‍ക്കുള്ള നിര്‍ദേശം.

വാഹനപാസും കടകളിലെ ജീവനക്കാര്‍ക്കുള്ള പാസും

വ്യാപാരസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍ക്ക് പാസുകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കേണ്ട ഉത്തരവാദിത്തം കട ഉടമകള്‍ക്കാണ്. അത് പരിശോധിച്ച് അംഗീകരിക്കേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമാണ്.

covid19jagratha.kerala.nic.in എന്ന ഏകീകൃത സംവിധാനത്തിലൂടെ പാസുകള്‍ അനുവദിക്കുമ്പോള്‍ അപേക്ഷിക്കുന്ന വ്യക്തിയുടെ/സ്ഥാപനത്തിന്റെ ഡി&ഒ ലൈസന്‍സ് പരിശോധിച്ച് അവ ഇപ്പോള്‍ അനുവദിച്ചിട്ടുള്ള അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ടതാണോയെന്ന് ഉറപ്പാക്കേണ്ട പൂര്‍ണ ഉത്തരവാദിത്തം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കാണെന്നും കളക്ടര്‍ അറിയിച്ചു.

വാഹനങ്ങളുടെ പാസുകള്‍ക്കായി ആരെങ്കിലും സമീപിക്കുന്നുണ്ടെങ്കില്‍ അവരോടും covid19jagratha.kerala.nic.in എന്ന ഏകീകൃത പ്ലാറ്റ് ഫോം സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാനാവശ്യപ്പെടണമെന്ന് ജില്ലാ കളക്ടര്‍ തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറിമാരെ അറിയിച്ചു. ജില്ലയ്ക്ക് അകത്ത് സഞ്ചരിക്കാനുള്ള വാഹന പാസുകൾ തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ നൽകും.

ജില്ലയ്ക്ക് പുറത്തോ സംസ്ഥാനത്തിനു പുറത്തോ പോകേണ്ട വാഹനങ്ങൾക്കുള്ള പാസുകൾ വിവിധ തലത്തിൽ പരിശോധിച്ചശേഷമാണ് നൽകുക. covid19jagratha.kerala.nic.in എന്ന ഏകീകൃത സംവിധാനത്തിൽ സമർപ്പിച്ച അപേക്ഷ ഡിഎംഒ, ആർടിഒ തുടങ്ങിയവർ പരിശോധിച്ച് അനുവാദം നൽകിയ ശേഷം കലക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ മുഖേന പാസുകൾ നൽകും.

മുകളിൽ പറഞ്ഞ പാസുകളുടെ ഓൺലൈൻ ലിങ്ക് അതത് അപേക്ഷകന് എസ് എം എസ് ആയി ലഭിക്കും. ഇത് ഡൗൺലോഡ് ചെയ്ത് മൊബൈലിൽ സൂക്ഷിക്കുകയോ പ്രിൻറ് എടുത്ത് കയ്യിൽ വയ്ക്കുകയോ ആവാം.