* ജില്ലാതല ഉദ്ഘാടനം അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിൽ നടന്നു
* ഒന്ന് മുതൽ 19 വരെ പ്രായമുള്ള കുട്ടികൾ ഉച്ചഭക്ഷണം കഴിഞ്ഞ് ഗുളികചവച്ചരച്ച് കഴിക്കണം

ദേശീയ വിര വിമുക്ത ചികിത്സാ പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ ഒന്ന് മുതൽ 19 വയസുവരെയുള്ള കുട്ടികൾക്ക് വിര വിമുക്ത ഗുളിക നൽകി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആറ്റിങ്ങൽ അവനവഞ്ചേരി ഗവ. ഹൈസ്‌ക്കൂളിൽ ബി. സത്യൻ എം.എൽ.എ നിർവഹിച്ചു.
പ്രതിരോധ മരുന്നുകൾ സ്വീകരിക്കുന്നതിൽ സംസ്ഥാനത്തെ ചില ജില്ലകളിൽ സ്ഥാപിത താൽപ്പര്യക്കാർ കുപ്രചരണങ്ങൾ നടത്തിയെങ്കിലും ആരോഗ്യ – വിദ്യാഭ്യാസ വകുപ്പുകളും പൊതുജനങ്ങളും ചേർന്ന് അത് തള്ളിക്കളഞ്ഞതായി ഉദ്ഘാടന പ്രസംഗത്തിൽ ബി. സത്യൻ എം.എൽ.എ പറഞ്ഞു.
ശുചിത്വമില്ലായ്മയും നന്നായി വൃത്തിയാക്കാത്തതും പാചകം ചെയ്യാത്തതുമായ ഭക്ഷണ പദാർഥങ്ങളിലൂടെയുമാണ് വിരകൾ ശരീരത്തിൽ പ്രവേശിക്കുന്നതെന്ന് ചടങ്ങിൽ മുഖ്യപ്രഭാണം നടത്തിയ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. പ്രീത പി.പി പറഞ്ഞു. കുട്ടികളിൽ ഇവ പ്രവേശിച്ചുകഴിഞ്ഞാൽ രക്തത്തിലെ ഹീമോഗ്‌ളോബിന്റെ അളവ് കുറയുകയും വിളർച്ചയും കഠിനമായ ക്ഷീണവും അനുഭവപ്പെടും. ഇത് അവരുടെ പഠനത്തെയും മറ്റ് ജീവിതചര്യകളെയും ബാധിക്കും. ഒന്ന് മുതൽ രണ്ട് വയസുവരെയുള്ള കുട്ടികൾക്ക് 400 മി.ഗ്രാമിന്റെ ഗുളിക പകുതിയും മറ്റുള്ളവർ 400 മി.ഗ്രാമിന്റെ ഒരു ഗുളികയുമാണ് കഴിക്കേണ്ടതെന്നും ഡോക്ടർ പറഞ്ഞു. ഉച്ചഭക്ഷണത്തിനുശേഷം ഗുളിക ചവച്ചരച്ചാണ് കഴിക്കേണ്ടത്.
കുട്ടികൾക്ക് ഗുളിക നൽകാനായി ജില്ലയിലെ എല്ലാ മെഡിക്കൽ ഓഫീസർമാർക്കും ആരോഗ്യ പ്രവത്തകർക്കും അങ്കണവാടി ടീച്ചർമാർക്കും ആശ പ്രവർത്തകർക്കും പരിശീലനം നൽകിയിട്ടുണ്ട്. എന്തെങ്കിലും അസുഖമുള്ള കുട്ടികൾ, സ്ഥിരമായി മരുന്നു കഴിക്കുന്നവർ, ഒരു വയസിനു താഴെ പ്രായമുള്ള കുട്ടികൾ എന്നിവർ മരുന്നു കഴിക്കേണ്ടതില്ല.
ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ് ജില്ലാതല ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, കൗൺസിലർമാരായ ഗീതാ കുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സ്വപ്നകുമാരി, ഡെപ്യൂട്ടി ഡി.എച്ച്.എസ് ഡോ. സന്ദീപ്, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. പ്രസന്ന കുമാരി, ആറ്റിങ്ങൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ്, അവനവഞ്ചേരി ഗവ. ഹൈസ്‌ക്കൂൾ ഹെഡ്മിസ്ട്രസ് എം.എസ് ഗീതാപത്മം, ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ എസ്. പുഷ്പരാജ് തുടങ്ങിയവർ സംസാരിച്ചു.