ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരളാ സ്‌ക്വാഡും എ.ഡി.ആര്‍.എഫും ചേര്‍ന്ന് റേഷന്‍ കടകളില്‍ അണു നശീകരണം നടത്തി. ആദ്യ ഘട്ടത്തില്‍ ആലപ്പുഴ നഗരസഭ പരിധിയിലെ റേഷന്‍ കടകളാണ് ശുചിയാക്കിയത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്റെ നിര്‍ദ്ദേശ പ്രകാരം ജില്ല സപ്ലൈ ഓഫീസര്‍ പി. മുരളീധരന്‍ നായരാണ് പമ്പുകള്‍ ഉപയോഗിച്ച് അണു നശീകരണത്തിന് തുടക്കമിട്ടത്. മോട്ടോര്‍ വാഹന വകുപ്പ് സേഫ് കേരളാ വിഭാഗം ഉദ്യോഗസ്ഥരായ സെബാസ്റ്റ്യന്‍, വിമല്‍ റാഫേല്‍, എ.ഡി.ആര്‍.എറ്. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രേംസായി ഹരിദാസ്, അമ്പുജാക്ഷന്‍, ലേഖാ നായര്‍, നിജു നിസാര്‍, കൊച്ചുമോന്‍, വിജേഷ്, അമല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 50 ല്‍പ്പരം റേഷന്‍ കടകളാണ് ഇന്ന് അണുവിമുക്തമാക്കിയത്.

സൗജന്യ ഭക്ഷ്യധാന്യ വിതരണം;
ആശ്രമങ്ങളും കോണ്‍വന്റുകളും അപേക്ഷ നല്‍കണം

ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ആശ്രമങ്ങള്‍, കോണ്‍വന്റുകള്‍, ക്ഷേമ ആശുപത്രികള്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് ഒരാള്‍ക്ക് അഞ്ച് കിലോ അരി, നാല് താമസക്കാര്‍ക്ക് ഒന്ന് എന്ന രീതിയില്‍ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് എന്നിവ നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിന് സ്ഥാപനത്തിന്റെ വിശദ വിവരം, സ്ഥാപനത്തിലെ അംഗങ്ങളുടെ പേര് വിവരം എന്നിവ അടങ്ങിയ പട്ടിക, അടുത്തുള്ള റേഷന്‍ കടയുടെ നമ്പരും സ്ഥലവും സഹിതം ജില്ല സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0477 2253870, 8921184368