ഇനിയും വേണോ എത്ര വേണമോ പാടാം; ലാലേട്ടനോടൊപ്പം ഞാനുമുണ്ടേ
മോഹന്‍ലാലിന് പിന്നാലെ പ്രശസ്ത ഗായിക കെ.എസ്. ചിത്രയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായെത്തി അവരോട് സംവദിച്ചു. ശരിക്കും ഒന്നോ രണ്ടോ പാട്ടുപാടി ആരോഗ്യ പ്രവര്‍ത്തകരെ സന്തോഷിപ്പിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ചിത്രയോടൊപ്പം സ്‌കീനിലാണെങ്കിലും നേരിട്ടു സംവദിക്കാന്‍ കിട്ടിയ അവസരം എല്ലാവരും ഉപയോഗപ്പെടുത്തി. ചിത്രയാകട്ടെ നിറഞ്ഞ ചിരിയോടെ ‘ഇനിയും പാടണോ, എത്ര വേണമോ പാടിത്തരാം… എന്നെക്കൊണ്ടതല്ലേ പറ്റൂ. സന്തോഷമായി, എന്ത് വേണമെങ്കിലും ചെയ്യാം’ എന്നാണ് പറഞ്ഞത്.
എല്ലാ ജില്ലകളിലുമുള്ള കോവിഡ് കണ്‍ട്രോള്‍ റൂമുകളില്‍ 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചെന്നൈയിലെ വീട്ടില്‍ നിന്നും ചിത്ര ഒത്തുകൂടിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍ എല്ലാ ജില്ലകളിലുമുള്ള ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ല പ്രോഗ്രാം മാനേജര്‍മാര്‍, വിവിധ കോവിഡ് ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ള 300 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ അതത് ആശുപത്രികളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിന് കൈയ്യടിയെന്നാണ് ചിത്ര പറഞ്ഞത്. നിങ്ങളുടെ പിന്തുണയും ആത്മാര്‍ത്ഥയും ഇല്ലെങ്കില്‍ നമ്മള്‍ മോശം അവസ്ഥയിലേക്ക് പോയേനെ. ഷിഫ്‌റ്റോ ലീവോ ഇല്ലാതെ എത്രപേരാ സേവനമനുഷ്ഠിക്കുന്നത്. നമ്മള്‍ സുഖമായിട്ടിരിക്കുന്നത് നിങ്ങള്‍ കഷ്ടപ്പെടുന്നത് കൊണ്ടാണ്. ഈ തിരക്കിനിടയില്‍ നിങ്ങളുടെ ആരോഗ്യം കൂടി നോക്കണം. സാങ്കേതികത കുറവാണെങ്കിലും നിങ്ങളുടെ ഈ ആത്മാര്‍ത്ഥതയാണ് വിജയ കാരണം. കേരളം ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയെ പുറത്തുള്ള പലരും അഭിനന്ദിക്കുന്നത് കേള്‍ക്കുമ്പോള്‍ ശരിക്കും സന്തോഷം തോന്നാറുണ്ട്. ഓരോ തവണ വാര്‍ത്തകള്‍ കാണുമ്പോഴും വല്ലാത്ത ടെന്‍ഷനാണ്. നിങ്ങള്‍ ചെയ്യുന്ന സേവനത്തിന് ഇതൊന്നും പോര. വെള്ള ഉടുപ്പിട്ട് നിങ്ങളെ കാണുമ്പോള്‍ വളരെ സന്തോഷമുണ്ട്. നിങ്ങള്‍ ചെയ്യുന്നത് നോക്കുമ്പോള്‍ ഞാന്‍ ചെയ്യുന്നത് ഒന്നുമല്ല. ഈ പോരാട്ടത്തില്‍ നമ്മള്‍ ജയിക്കും. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും ഒരുകോടി നന്ദിയും പ്രാര്‍ത്ഥനയുമുണ്ടെന്നും ചിത്ര പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട മലയാളം, തമിഴ്, കന്നട ഭാഷകളിലുള്ള എല്ലാ ഗാനങ്ങളും ഒരു മടിയും കൂടാതെ ചിത്ര പാടി. മോഹന്‍ലാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പാടിയ ‘ലോകം മുഴുവന്‍ സുഖം പകരാനായ്…’ എന്ന ഗാനവും ചിത്ര പാടി. നെറ്റിയില്‍ പൂവുള്ള…, നീര്‍മണിപ്പീലിയില്‍…, ആകാശഗംഗ തീരത്തിനപ്പുറം…, പൂ മാനമേ…, അഞ്ജലീ അഞ്ജലി പുഷ്പാഞ്ജലി…, രാജ ഹംസമേ…, മഞ്ഞള്‍ പ്രസാദവും…, പൂന്തേനരുവീ…, ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നോരുക്കി വച്ചല്ലോ…, ഊവുരു പൂക്കളുമേ…, അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍.., ചീര പൂവുകള്‍ക്ക്…, ഉയിരേ ഉയിരേ വന്തു എന്നോട് കലന്തുവിടേ… ഇങ്ങനെ കേള്‍ക്കാന്‍ കൊതിക്കുന്നതായിരുന്നു ഗാനങ്ങള്‍.
അതേസമയം ചിത്ര ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ടും പാടിച്ചു. ചിലര്‍ പാട്ട് പാടാന്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഞാന്‍ പാടിയാല്‍ എല്ലാവരും എണീറ്റോടുമെന്ന് പാലക്കാട് ഡി.എം.ഒ. ഡോ. റീത്ത പറഞ്ഞത് ചിത്രയെപ്പോലും ചിരിപ്പിച്ചു. അതേസമയം മഞ്ചേരി മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ ആവശ്യപ്പെട്ട ‘ഹിമശൈല സൈകത ഭൂമിയില്‍ നിന്നുനീ…’ എന്ന പാട്ട് ചിത്ര തന്നെ അവരെ പാടിപ്പഠിപ്പിച്ചു. ‘കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍…’ എന്ന ഗാനം കോഴിക്കോടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു പ്രാര്‍ത്ഥനയായി ആ ഗാനം ആലപിച്ചു. കണ്ണൂര്‍ ഡി.എം.ഒ. നാരായണ നായിക്കിന് വേണ്ടി കന്നട ഗാനവും പാടി. ഏറ്റവുമധികം രോഗികളെ ശുശ്രൂഷിക്കുന്ന കാസര്‍ഗോട്ടെ ആരോഗ്യ പ്രവര്‍ത്തകരെ പ്രത്യേകം ഓര്‍മ്മിച്ചു. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി ‘കരുണാമയനേ കാവല്‍ വിളക്കേ കനിവിന്‍ നാളമേ…’ എന്ന ഗാനം ഉള്ളുരുകി പാടിയപ്പോള്‍ പലരുടേയും കണ്ണ് നനഞ്ഞോയെന്ന് സംശയം.
ഹൃദയത്തില്‍ തൊട്ട അനുഭവമായിരുന്നു ഇതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഞങ്ങള്‍ ഒരു കുടുംബത്തെ പോലെയാണ് ജോലി ചെയ്യുന്നത്. എല്ലാം മറന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സന്തോഷം പകരാന്‍ ചിത്ര കുറച്ച് നേരം കണ്ടെത്തിയതില്‍ നന്ദിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തല്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, എസ്.എച്ച്.എസ്.ആര്‍.സി. എക്‌സി. ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനു എന്നിവര്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും പങ്കെടുത്തു.