തിരുവനന്തപുരത്ത് നിന്ന് 206 മാലിദ്വീപ് സ്വദേശികളെ നാട്ടിലേയ്ക്ക് അയച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ മാലിദ്വീവ്സിൻ്റെ രണ്ട് വിമാനങ്ങളിലായാണ് ഇവരെ യാത്ര അയച്ചത്.

ശനിയാഴ്ച രാവിലെ 10: 20 ന് തിരിച്ച ആദ്യ വിമാനത്തിൽ 51 പേരും 12:40 ന് തിരിച്ച രണ്ടാമത്തെ വിമാനത്തിൽ 155 പേരുമാണ് സ്വദേശത്തേയ്ക്ക് മടങ്ങിയത്.

നാല് ഡോക്ടർമാരും ആറ് ആരോഗ്യ പ്രവർത്തകരും അടങ്ങുന്ന മെഡിക്കൽ സംഘം വിമാനത്താവളത്തിൽ വച്ച് യാത്രക്കാരെ സ്ക്രീൻ ചെയ്തു. തെർമൽ സ്ക്രീനിംഗിൽ ആർക്കും പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു . കൂടാതെ ഇവരുടെ പേരും മറ്റു വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

കൈക്കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ സംഘത്തിൽ ഉണ്ടായിരുന്നു. ചികിത്സ പോലുള്ള വിവിധ ആവശ്യങ്ങൾക്കായി ജില്ലയിൽ എത്തിയവരാണ് എല്ലാവരും. വിമാനത്താവള അധികൃതർ, സി.ഐ .എസ്.എഫ് ഉദ്യോഗസ്ഥർ , മാലിദ്വീപ് കോൺസ്റ്റുലേറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.