എറണാകുളം: ഈസ്റ്റർ -വിഷു ആഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് ന്യായവിലയിൽ സുരക്ഷിത പച്ചക്കറികളും പഴവർഗ്ഗങ്ങളും ലഭ്യമാക്കുന്നതിന് കൃഷിവകുപ്പ് തുടക്കമിട്ട ‘ജീവനി – സഞ്ജീവനി’ കർഷകവിപണന കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ നിർവ്വഹിച്ചു. മുളന്തുരുത്തി കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ മുളന്തുരുത്തി മാർക്കറ്റിൽ ആരംഭിച്ച കർഷക വിപണന കേന്ദ്രത്തിലാണ് മന്ത്രി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചത്. പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തുകളിലും ,മുൻസിപ്പാലിറ്റികളിലും കേർപ്പറേഷനുകളിലും കർഷക വിപണന കേന്ദ്രങ്ങൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു.
ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായ കർഷകരിൽ നിന്നും ന്യായമായ വിലയ്ക്കു സംഭരിക്കുന്ന പഴം, പച്ചക്കറികളാണ് ഈ കേന്ദ്രങ്ങളിലൂടെ വില്പന നടത്തുന്നത്. കർഷകർക്ക് കൈത്താങ്ങാകുന്ന ഈ പദ്ധതിയിൽ തങ്ങളുടെ ഉല്പന്നങ്ങൾ നേരിട്ട് വില്പന നടത്തുന്നതിനും അവസരമുണ്ടാകും .
കൃഷി വകുപ്പിൻ്റെ വിവിധ ഏജൻസികളായ ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ വിവിധ ഔട്ട് ലെറ്റുകൾ വഴിയും വില്പന നടത്തുന്നുണ്ട്. കൃഷിഭവനുകളുടെ കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പുകൾ ,ക്ലസ്റ്റർ മാർക്കറ്റുകൾ എന്നിവയും ഈ വിപണന കേന്ദ്രങ്ങളിൽ പങ്കാളികളാകും. ചടങ്ങിൽ അനൂപ് ജേക്കബ്ബ് എം.എൽ.എ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയ സോമൻ, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡൻ്റ് റെഞ്ചി കുര്യൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ദിലീപ് കുമാർ ,കൃഷി അസി.ഡയറകടർ ഇന്ദു പി.നായർ, കൃഷി ഓഫീസർ ഷീബ എന്നിവർ പങ്കെടുത്തു.
