കോവിഡ് ദുരന്തത്തെ നേരിടുന്നതിന് സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ദേശീയ ധനകാര്യ കോര്‍പ്പറേഷനുകള്‍ 9,85,600 രൂപയുടെ ധനസഹായം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്റെ ഫണ്ടിംഗ് ഏജന്‍സികളായ ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനും (എന്‍.ബി.സി.എഫ്.ഡി.സി) ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷനുമാണ് (എന്‍.എസ്.എഫ്.ഡി.സി.) സി.എസ്.ആര്‍. ഫണ്ടില്‍ നിന്നും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ അപേക്ഷയിന്‍മേല്‍ ധനസഹായം അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സംസ്ഥാനത്തെ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വനിതകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍ നിര്‍ത്തി 250 കോടിയോളം രൂപയുടെ സ്വയം തൊഴില്‍ വായ്പാ സഹായം സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന തന്നിട്ടുള്ള സ്ഥാപനങ്ങളാണ് എന്‍.ബി.സി.എഫ്.ഡി.സി.യും എന്‍ എസ്.എഫ്.ഡി.സിയും. കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖേനയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യുക.