കോവിഡ്‌പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുകയാണ്‌ ആശ വർക്കർമാർ. കോവിഡ്‌ സംശയിച്ചു വീടുകളിൽ നിരീക്ഷണത്തിലുള്ളവരുമായി താഴെത്തട്ടിൽ നേരിട്ട്‌ ഇടപെടുന്നത്‌ ആശ വർക്കർമാരാണ്‌.

പുറമെനിന്നും ഒരാൾ എത്തിയാൽ അവർ എവിടെ നിന്നു വന്നു, എന്ന് എത്തി, എന്തെങ്കിലും അസുഖങ്ങൾ ഉണ്ടോ തുടങ്ങിയ വിവരങ്ങൾ ആശ വർക്കർമാർ ചോദിച്ചറിഞ്ഞ്‌ ഹെൽത്ത്‌ ടീമിനെ അറിയിക്കും. തുടർന്ന് ഓരോ ദിവസവും ഇവരെ വിളിച്ച്‌ കാര്യങ്ങൾ അന്വേഷിച്ച്‌ ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. ഇവർക്കാവശ്യമുള്ള സേവനങ്ങൾ ചോദിച്ചറിയുകയും വേണ്ട സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്‌. ഭക്ഷണം ആവശ്യമുള്ളവർക്ക്‌ കമ്യൂണിറ്റി കിച്ചണിൽ നിന്നോ മറ്റ്‌ സംവിധാനങ്ങളിൽ നിന്നോ ഭക്ഷണം ലഭ്യമാക്കും. മരുന്ന് ആവശ്യമായി വരുന്നവർക്ക്‌ മെഡിക്കൽ ടീമുമായി ചേർന്ന് അത്‌ എത്തിച്ചുകൊടുക്കുന്നുണ്ട്‌. ഇതിനോടൊപ്പം തന്നെ വയോജനങ്ങൾക്കും പാലിയേറ്റീവ് കെയർ രോഗികൾക്കും ഗർഭിണികൾക്കും ആവശ്യമായ സഹായങ്ങളും ചെയ്തുകൊടുക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകൾ സന്ദർശിച്ചു കൈ കഴുകുന്നതിനെ കുറിച്ചും മറ്റും പറഞ്ഞുകൊടുക്കുന്നുണ്ട്. ബോധവത്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലഘുലേഖകളും മറ്റും ജനങ്ങൾക്ക് നൽകുന്നുണ്ട് .

മാനസിക പ്രശ്നം ഉള്ളവർക്ക് കൗൺസിലിംഗ് നൽകുന്നതിന്‌ ആവശ്യമായ കാര്യങ്ങളും ചെയ്യുന്നു.
വാർഡുതലത്തിലുള്ള പ്രതിരോധപ്രവർത്തങ്ങളിൽ തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങൾ, കുടുംബശ്രീ, അങ്കണവാടി, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർക്കൊപ്പം ചേർന്നുകൊണ്ടാണ്‌ ആശ വർക്കർമാർ പ്രവർത്തിക്കുന്നത്‌.

ജില്ലയിൽ 2375 ആശ പ്രവർത്തകരാണ് നിലവിൽ പ്രവർത്തിച്ചു വരുന്നത്. മാതൃശിശുസംരക്ഷണം ഉറപ്പാക്കുക, ഗർഭിണികൾക്കാവശ്യമായ സേവനങ്ങൾ ഉറപ്പുവരുത്തുക, കുഞ്ഞുങ്ങൾക്ക്‌ കൃത്യമായി കുത്തിവെയ്‌പ്പ്‌ ഉറപ്പുവരുത്തുക, പാലിയേറ്റീവ്‌, വയോജനപരിപാലനം, പകർച്ചവ്യാധി നിയന്ത്രണത്തിൽ പങ്കാളിത്തം, വിവിധ ആരോഗ്യ, ആരോഗ്യ അനുബന്ധപരിപാടികളിലെ ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ വാർഡുതലത്തിൽ സജീവമായി ഇടപെടുന്നത്‌ ആശ വർക്കർമാരാണ്‌. ദേശീയ ആരോഗ്യദൗത്യമാണ്‌ ഇവരുടെ പ്രവർത്തനങ്ങളെ ജില്ലാതലത്തിൽ എകോപിപ്പിക്കുന്നത്‌.