ആലപ്പുഴ: വിഷു ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ കമ്മ്യൂണിറ്റി കിച്ചണുകളില്‍ (പത്യേക വിഭവങ്ങളോടെ ഉച്ച ഭക്ഷണം നലകി. ലോക്ക് ഡൗണ്‍ കാരണം ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് വേറിട്ട അനുഭവമായിരുന്നു വിഷു ദിനത്തിലെ കമ്മ്യൂണിറ്റി കിച്ചണുകളില്‍ നിന്നുള്ള വിഭവ സമൃദ്ധമായ ഭക്ഷണം. ചോറ്, സൊയാബീന്‍ റോസ്റ്റ്, പുളിശ്ശേരി, അച്ചാര്‍, പാല്‍പ്പായസം അടക്കമുള്ള ഭക്ഷണമാണ് ചുനക്കര പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും വിതരണം ചെയ്തത്. പാലമേൽ, മാവേലിക്കര താമരക്കുളം പഞ്ചായത്ത്, കഞ്ഞിക്കുഴി തുടങ്ങി വിവിധ പഞ്ചായത്തുകൾ വിഷു പ്രമാണിച്ച് പ്രത്യേക വിഭവങ്ങൾ ഒരുക്കിയിരുന്നു. ചിക്കൻ കറി, വിവിധ തരത്തിലുള്ള പായസം എന്നിവയും ചില കമ്മ്യൂണിറ്റി കിച്ചണുകളിൽ ഒരുക്കി. കോവിഡ് 19ന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ജില്ലയില്‍ ഇന്നലെ (14.04.2020) 14899 പേര്‍ക്കാണ് കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണം നല്‍കിയത്. പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച 11661 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം.ഷഫീഖ് അറിയിച്ചു. ഇതില്‍ 392 അതിഥി തൊഴിലാളികളും ഉള്‍പ്പെടും. 10057 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്.
നഗരസഭകളുടെ കീഴില്‍ ജില്ലയില്‍ 3238 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയതായി നഗരസഭകളിലെ കമ്മ്യൂണിറ്റി കിച്ചണുകളുടെ ചുമതലയുള്ള സി. പ്രേംജി അറിയിച്ചു. 2300 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്. ഇതില്‍ 117 അതിഥി തൊഴിലാളികളും ഉള്‍പ്പെടും.

വിഷുദിനത്തില്‍ കൈ നീട്ടം വിതരണം ചെയ്ത് കഞ്ഞിക്കുഴി പഞ്ചായത്ത്

ആലപ്പുഴ : വിഷു ദിനത്തില്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 140 കുടുംബങ്ങള്‍ക്ക് 101 രൂപ വീതം വിഷു കൈനീട്ടം നല്‍കി െയന്ന് കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജു പറഞ്ഞു.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമനാണ് കൈനീട്ടം വിതരണം ചെയ്തത്. വിഷു ദിനാഘോഷങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണില്‍ വിഭവസമൃദ്ധമായ ഊണും ഒരുക്കിയിരുന്നു. ചിക്കൻ കറി, മോര്, അച്ചാര്‍, കൂട്ടുകറി ഉള്‍പ്പെടെയുള്ള ഭക്ഷണ പൊതികളാണ് പഞ്ചായത്ത് പരിധിയിലുള്ള 18 വാര്‍ഡിലെ 236 കുടുംബങ്ങള്‍ക്ക് നല്‍കിയതെന്ന് കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജു പറഞ്ഞു.
അഞ്ചു പേരടങ്ങിയ കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റാണ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഭക്ഷണം ഒരുക്കിയത്. വിഷു ദിനമായിരുന്നിട്ടും വോളന്റീയര്‍മാര്‍ യഥാസമയം എത്തി ഭക്ഷണ പൊതികള്‍ 12 മണിക്ക് മുന്‍പ് തന്നെ വീടുകളില്‍ എത്തിച്ചു നല്‍കി.
(ചിത്രമുണ്ട്)