കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ കുടിശ്ശികയില്ലാതെ മാസം തോറും വിതരണം ചെയ്യാൻ സർക്കാർ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ സമരം പിൻവലിക്കാൻ തീരുമാനിച്ചതായി പെൻഷൻകാരുടെ സംഘടനകൾ അറിയിച്ചു.
വ്യാഴാഴ്ച രാത്രിയാണ് പെൻഷൻകാരുടെ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത്. സഹകരണ ബാങ്കുകൾവഴി മാസം തോറും പെൻഷൻ വിതരണം ചെയ്യുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സംഘടനാ പ്രിതനിധികളെ അറിയിച്ചു. സംസ്ഥാന സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഇതിനായി സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിക്കുന്നുണ്ട്. കൺസോർഷ്യവും സർക്കാരും കെ.എസ്.ആർ.ടി.സിയും ഇതു സംബന്ധിച്ച് ധാരണാപത്രം ഒപ്പിടും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏതാനും ദിവസത്തിനകം പൂർത്തിയാക്കും. അതിനാൽ പെൻഷൻകാർ അവരവരുടെ താമസസ്ഥലത്തെ സഹകരണ ബാങ്കിൽ അക്കൗണ്ട് തുറക്കണം. ഈ അക്കൗണ്ടിലേക്ക് പെൻഷൻ ലഭ്യമാക്കും. കുടിശ്ശികയും തീർത്തു നൽകും.
പെൻഷൻ നൽകുന്നത് കെ.എസ്.ആർ.ടി.സി തന്നെയായിരിക്കും. എന്നാൽ ഇപ്പോഴത്തെ വിഷമസാഹചര്യം പരിഗണിച്ച് ഇതിനാവശ്യമായ ഫണ്ട് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ ലഭ്യമാക്കും. ഫണ്ട് ലഭ്യമാക്കാനുളള വഴി സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ വ്യക്തമായ തീരുമാനമെടുത്ത സാഹചര്യത്തിൽ പെൻഷൻകാർ സമരം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിക്കുകയും സംഘടനകൾ അതു അംഗീകരിക്കുകയും ചെയ്തു.
ചർച്ചയിൽ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ എ. ഹേമചന്ദ്രൻ, സമരസഹായസമിതി കൺവീനർ ആനത്തലവട്ടം ആനന്ദൻ, അഡ്വ. പി.എ. മുഹമ്മദ് അഷ്‌റഫ്, കെ. ജോൺ (കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ) വി. രാജഗോപാൽ, ഡി. അശോക് കുമാർ (റിട്ടയർഡ് ട്രാൻസ്‌പോർട്ട് ഓഫീസേഴ്‌സ് ഫോറം) എ. ഹബീബ് (ട്രാൻസ്‌പോർട്ട് പെൻഷനേഴ്‌സ് വെൽഫേർ അസോസിയേഷൻ) എന്നിവരും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, സെക്രട്ടറി എം. ശിവശങ്കർ എന്നിവരും പങ്കെടുത്തു.