ആലപ്പുഴ : ഹൗസ്‌ബോട്ടുകള്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ എം അഞ്ജ ഫിനിഷിംഗ് പോയിന്റ് സന്ദര്‍ശിച്ചു വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

ആവശ്യമാണെങ്കില്‍, ഹൗസ് ബോട്ടുകള്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ആയി മാറ്റാനാണ് ജില്ലാഭരണകൂടം ആലോചിക്കുന്നത്. അത്യാവശ്യഘട്ടത്തില്‍ ഇത്തരം മാറ്റങ്ങള്‍ക്കു വേണ്ട സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂമിനും ആരോഗ്യവകുപ്പ് ഒരുക്കുന്ന സംവിധാനങ്ങള്‍ക്കും പുറമേ, ഭക്ഷണ വിതരണത്തിനും്, കുടിവെള്ള വിതരണത്തിനുള്ള സംവിധാനം, മറ്റ് അവശ്യ സൗകര്യങ്ങള്‍ തുടങ്ങിയവയും ഒരുക്കുന്നതിനുള്ള നടപടികള്‍ എടുക്കും. ഹൗസ്‌ബോട്ടുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളായി സജ്ജീകരിക്കുമ്പോള്‍ വരാവുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുന്നതിനായി ഇന്ന് (ഏപ്രില്‍ 17) രാവിലെ 11 ന് ഫിനിഷിംഗ് പോയിന്റില്‍ മോക്ഡ്രില്‍ നടത്താനും തീരുമാനമായി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എല്‍ അനിതകുമാരി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോക്ടര്‍ രാധാകൃഷ്ണന്‍, ഡിടിപിസി, ഫയര്‍ഫോഴ്‌സ് വാട്ടര്‍ അതോറിറ്റി തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.