കൊച്ചി: പതിറ്റാണ്ടുകള്‍ നീണ്ട തരിശിടല്‍ പഴങ്കഥയാക്കി കൊച്ചിയുടെ നെല്ലറയായ തോട്ടറപ്പുഞ്ച വീണ്ടും പച്ചപ്പിന്റെ പ്രതാപത്തില്‍. ജില്ലാ ഭരണകൂടവും കൃഷി വകുപ്പും പാടശേഖര സമിതികളും ഒത്തുചേര്‍ന്ന് നടത്തിയ ശ്രമത്തിന്റെ അന്തിമഫലമായി തോട്ടറ ബ്രാന്‍ഡ് അരി ഏപ്രിലില്‍ വിപണിയിലെത്തും. 525 ഏക്കറില്‍ നിന്ന് 1500 ടണ്‍ നെല്ല് ഉല്‍പ്പാദിപ്പിച്ച് അതില്‍ നിന്നും 300 ടണ്‍ അരിയാണ് ജില്ലയുടെ സ്വന്തം ബ്രാന്‍ഡില്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാകുക.  നെല്ല് കുത്തി അരിയാക്കുന്നതിനുള്ള മില്ല് 40 ലക്ഷം രൂപ മുതല്‍മുടക്കില്‍ തോട്ടറ മേഖലയില്‍ സ്ഥാപിക്കും. കുടുംബശ്രീയ്ക്കാണ് മില്ല് നടത്തിപ്പിന്റെ ചുമതലയെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പറഞ്ഞു.
എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, കോട്ടയം ജില്ലയിലെ വെള്ളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന തോട്ടറപ്പുഞ്ചയ്ക്ക് 1200 ഏക്കറോളമാണ് വിസ്തൃതി. ദീര്‍ഘകാലമായി തരിശിട്ടിരുന്ന പാടങ്ങളില്‍ ജില്ലാ ഭരണകൂടം മുന്‍കയ്യെടുത്തതോടെ കഴിഞ്ഞ വര്‍ഷം 350 ഏക്കറില്‍ വിത്തിറക്കി വിളവെടുത്തിരുന്നു. കളക്ടറുടെ നേതൃത്വത്തില്‍ വകുപ്പുകളെ ഏകോപിപ്പിച്ചും കനാലുകളും തോടുകളും പുനരുജ്ജീവിപ്പിച്ചും മറ്റ് അടിസ്ഥാനസൗകര്യങ്ങളൊരുക്കിയും നടത്തിയ പരിശ്രമമാണ് ഫലം കണ്ടത്. ഇതിന്റെ തുടര്‍ച്ചയിലാണ് ഈ വര്‍ഷം 525 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചത്.
എടക്കാട്ടുവയല്‍ പഞ്ചായത്തിലെ കൈപ്പട്ടൂര്‍, തോട്ടറ, അയ്യന്‍കുന്നം ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മനക്കത്താഴം, കുന്നംകുളം, തോട്ടറ, തൊള്ളിക്കരി, വിരിപ്പച്ചാല്‍, കണ്ണങ്കേരി എന്നീ ഒമ്പത് പാടശേഖരങ്ങളിലാണ് കൃഷി മുന്നേറുന്നത്. കൃഷി, ജലസേചന വകുപ്പുകള്‍ക്ക് പുറമെ എടക്കാട്ടുവയല്‍, ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തുകള്‍, കേരള ലാന്‍ഡ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, വൈദ്യുതി ബോര്‍ഡ് എന്നിവയും കര്‍ഷകര്‍ക്ക് വേണ്ട സഹായം നല്‍കുന്നു. കനാലുകള്‍ വൃത്തിയാക്കി ജലസേചന സൗകര്യം ഉറപ്പാക്കിയാണ് ഡിസംബര്‍ ആദ്യവാരം തോട്ടറിയില്‍ വിത്തിറക്കിയത്. 20 കിലോമീറ്ററോളം കനാലുകള്‍ വൃത്തിയാക്കിയതിനൊപ്പം ഒലിപ്പുറം, പുലിമുഖം സ്ലൂയിസുകളില്‍ പമ്പിംഗിനും സംവിധാനമൊരുക്കി.
കേന്ദ്രീകൃത പമ്പിംഗിന് പുറമെ 37 ലക്ഷം രൂപ ചെലവില്‍ പുഞ്ചയില്‍ ഏഴിടത്തായി 12 സബ്‌മെഴ്‌സിബിള്‍ പമ്പുകള്‍ കൂടി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കൃഷി വകുപ്പ്. 7.5 എച്ച്.പി ശേഷിയുള്ളതാണ് ഈ പമ്പുകള്‍. ശാസ്ത്രീയമായ കൃഷിരീതികള്‍ സംബന്ധിച്ച് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാന്‍ പരിശീലന പരിപാടികളും കൃഷി വകുപ്പ് സംഘടിപ്പിച്ചു. നെല്ല് കുത്തുന്നതിന് 40,000 രൂപ വീതം വില വരുന്ന 15 മിനി റൈസ് മില്ലുകള്‍ പാടശേഖര സമിതികള്‍ക്ക് നല്‍കാനും കൃഷി വകുപ്പിന് പദ്ധതിയുണ്ട്.
തോട്ടറയിലെ കൃഷി പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഇന്നലെ വിവിധ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചു. തോട്ടറപ്പുഞ്ച വികസനസമിതി പ്രസിഡന്റ് കെ.ആര്‍. ജയകുമാര്‍, സെക്രട്ടറി ഉണ്ണി എം. മന, മുന്‍ എ.ഡി.എം സി.കെ. പ്രകാശ്, കൃഷി വകുപ്പ് അസി. ഡയറക്ടര്‍ ബിജി തോമസ്, കൃഷി ഓഫീസര്‍മാരായ പി.ജി. സീന, സുജാത, സജി എന്നിവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.