കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയന്ത്രണങ്ങളും ജാഗ്രതയും തുടരേണ്ടതുണ്ടെന്നും ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഇത് ആവശ്യമാണെന്നും തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചേ മതിയാകൂ. കോവിഡിന്റെ ഫലപ്രദമായ പ്രതിരോധത്തിന് എല്ലാ വകുപ്പുകളും ടീമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ കിറ്റുകളുടെ വിതരണത്തില്‍ ജില്ലയില്‍ ഹോട്ടസ്‌പോട്ടായി കണ്ടെത്തിയ സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന കാര്യം പരിശോധിക്കുന്നുണ്ട്. കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ ചികിത്സിക്കുന്നതിന് വിപുലമായി ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മറ്റ് പകര്‍ച്ചവ്യാധികള്‍ക്കും ചികിത്സാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്.
ആശങ്കയുടെ സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു, എ.ഡി.എം റോഷ്‌നി നാരായണന്‍, ഡെപ്യൂട്ടി കലക്ടര്‍ (ദുരന്ത നിവാരണം) ഷാമിന്‍ സെബാസ്റ്റ്യന്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആശാദേവി, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.